CPI(ML)

മഹാനായ അയ്യങ്കാളി

ഫെബ്രുവരി 27, 2008 · 1 അഭിപ്രായം

മഹാനായ അയ്യങ്കാളിയുടെ സമരപാതയില്‍ മുന്നേറുക.

പി.ജെ.ജെയിംസ്.

ayyankali_statue.jpg                                                                           ayanakaali-ekm1.gif    അയ്യങ്കാളി സമരശതാബ്ദി എറണാകുളം

കെ.എന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.                                                                                                             

19 നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നിന്ന് തുടങ്ങി 20 ആം     നൂറ്റാണ്ടിന്റെ  പൂര്‍വ്വാര്‍ദ്ധത്തില്‍ അവസാനിക്കുന്ന ഒരു നൂറ്റാണ്ടു കാലം  മാനവചരിത്രത്തെ സംബന്ധിച്ചിടത്തോളം  സംഭവബഹുലമാണ് .  ലോകത്തെ മാറ്റിമറിച്ച സുപ്രധാന സംഭവങ്ങള്‍‍ക്ക്    വഴിവെച്ച ഈ കാലഘട്ടത്തിലൂടെയാണ്  മഹാനായ അയ്യങ്കാളി (1863-1941) നടന്നുനീങ്ങിയത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ഛസ്ഥായിയിലായിരുന്ന 19 -ആം നൂറ്റാണ്ടിന്റെ അവസാനവും  20-ആം നൂറ്റാണ്ടിന്റെ ആരംഭവും  കേരളത്തെ  സവര്‍ണ്ണ ജന്മിത്വം  ഭ്രാന്താലയമാക്കി മാറ്റിയിരുന്നു.

ഇന്ത്യയിലെ മറ്റെല്ലാപ്രദേശങ്ങളെയുംകാള്‍ ജാതിവ്യവസ്ഥയും ജന്മിമേധാവിത്വവും അതികഠിനമായിരുന്ന  കേരളത്തെ അതില്‍നീന്ന് കൈപിടിച്ചുയര്‍ത്തുന്നതില്‍ അദ്വിതീയമായ പങ്കുവഹിച്ച നവോത്ഥാന സമരനായകനായിരുന്നു   അയ്യങ്കാളി .  നൂറ്റാ‍ണ്ടുകളായി എല്ലാ മനുഷ്യാവകാശങ്ങളും   നിഷേധിക്കപെട്ട് മൃഗപ്രായരായി ജീവിച്ച കേരളത്തിലെ  അധ:സ്ഥിത- ദളിത് ജനതയുടെ മോചനത്തിനും മുന്നോട്ടുപോക്കിനും വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ ധീരതയോടെ പോരാടിയ നവോത്ഥാനനേതാവും  സമൂഹ്യപരിഷ്കര്‍ത്താവുമാണ് അദ്ദേഹം . അധ:സ്ഥിത ജനതയുടെ  അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനും സംരക്ഷിക്കാനും വേണ്ടി സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും പടപൊരുതുകയും , ആ പ്രക്രിയയലൂടെ  കേരളത്തിന്റെ സാമൂഹ്യഘടനയെ  ഉഴുതുമറിക്കുകയും ,  അതുവഴി കേരളചരിത്രത്തിലെ  പുരോഗമനധാരയില്‍ നിര്‍ണ്ണായകമായ ഇടം കണ്ടെത്തുകയും  ചെയ്ത അയ്യങ്കാളിയെ ,   പക്ഷേ ചരിത്രരചനയിലെ  സവര്‍ണ്ണാഭിമുഖ്യം  അവഗണിക്കുകയാ‍ണുണ്ടായതെന്നത് വസ്തുതയാണ് . 

ജീവിതവും  സമരവും

 1863   ആഗസ്റ്റ് 28 നു വെങ്ങാനൂരില്‍ അയ്യങ്കാളി  ജനിക്കുമ്പോള്‍  അച്ഛനായ  അയ്യന്‍ അഞ്ചേക്കറിന്റെ  ഉടമയായിരുന്നു.  കാടുവെട്ടിതെളിച്ച് നല്‍കിയതില്‍ സന്തുഷടനായ ജന്മി നല്‍കിയ ഭൂമിയായിരുന്നു അത് . അന്നത്തെ സാഹചര്യത്തില്‍  തികച്ചും യാദൃശ്ചികമായ ഒരു സംഭവമായിരുന്നു ഇത് .  എന്നാല്‍  ഈ യാദൃശ്ചികത യുവാവായ അയ്യങ്കാളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  അടിത്തറയാകുകയാണുണ്ടായത് .  അടിമകളും  അയിത്തരുമായ ജനങ്ങളില്‍ ഒരാളായിരുന്നെങ്കിലും  മറ്റു അടിമകള്‍ക്കില്ലാത്ത  അവകാശബോധവും  തന്റേടവും  അയ്യങ്കാളീക്കുണ്ടാകാന്‍ ഇതും ഒരു  കാരണമായിരുന്നു.  പുലയനായി ജനിച്ചതിന്റെ പേരില്‍  അക്ഷരജ്ഞാനം  നിഷേധിക്കപെട്ടിട്ടും  വളരെ ചെറുപ്രായത്തില്‍ തന്നെ  തന്റെ  ചുറ്റുമുള്ള  സുഹൃത്തുക്കളെ സംഘടിപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.  തന്റെ സ്വതസിദ്ധവും നൈസര്‍ഗ്ഗികവുമായ കഴിവുകള്‍ക്കും വാസനകള്‍ക്കുമൊപ്പം അന്നത്തെ ചരിത്രസാഹചര്യങ്ങളും അയ്യങ്കാളിയില്‍ സ്വാധീനം ചെലുത്തുകയുണ്ടായി.

സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍

പൊതു നിരത്തുകള്‍ സവര്‍ണ്ണര്‍ക്ക് മാത്രമായിരുന്ന  അക്കാലത്ത് അയ്യങ്കാളീ നടത്തിയ ആദ്യത്തെ സമരം  പൊതുവഴിയിലൂടെയുള്ള  ദളിതരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നു.യാഥാസ്തിതികശക്തികളെ ചെറുത്തു തോല്‍പ്പിച്ചുകൊണ്ട് മാത്രമേ സഞ്ചാരസ്വാതന്ത്ര്യം പിടിച്ചെടുക്കാന്‍ കഴിയൂ എന്ന് ബോദ്ധ്യപെട്ട അദ്ദേഹം അന്ന് നിലവിലിരുന്ന സാമൂഹ്യവിലക്കുകളെ  പരസ്യമായി വെല്ലുവിളിക്കാന്‍ തീരുമാനിച്ചതിന്റെ  പരിണതിയായിരുന്നു,   സുപ്രസിദ്ധമായ വില്ലുവണ്ടിസമരം . 1893-ലായിരുന്നു ഇത് .

എല്ലാ എതിര്‍പ്പുകളെയും ഭീഷണികളെയും അവഗണിച്ചുകൊണ്ട് ഒരു വില്ലുവണ്ടി വിലക്ക് വാങ്ങി സവര്‍ണ്ണര്‍ക്കു മാത്രം അനുവദിക്കപെട്ടിരുന്ന നിരത്തിലൂടെ സഞ്ചരിക്കുകയും എതിര്‍ത്തവരെ കായികമായി ചെറുക്കുകയും ചെയ്തു . അടിമകളും അധ:സ്ഥിതരുമായി ജനിച്ച ആളുകള്‍ക്ക് അന്ന് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല ഇത് .  വഴി  നടക്കുവാനുള്ള അവകാശമടക്കം അവസരസമത്വം മേല്‍ജാതിക്കാരുടെ ഔദാര്യമല്ലെന്നും പോരാടി നേടേണ്ടതാണെന്നുമുള്ള നിലപാടായിരുന്നു അദ്ദേഹത്തിന്റേത് . 1893 ല്‍ ആരംഭിച്ച സഞ്ചാരസ്വാതന്ത്ര്യത്തിന്   വേണ്ടിയുള്ള സമരം 1898 കാലത്ത് വളരെ സജീവമായി മുന്നോട്ട് വന്നു, ആ വര്‍ഷം ആറാലുമ്മൂട്, ബാലരാമപുരം , ചാലിയത്തെരുവ്, കഴകൂട്ടം , കണിയാപുരം , തുടങ്ങിയ സ്ഥലങ്ങളില്‍ അയ്യങ്കാളിയുടെ  നേതൃത്വത്തില്‍ അധ:സ്ഥിതര്‍ പൊതുനിരത്തുകളിലൂടെ സഞ്ചരിക്കുകയുണ്ടായി .  സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം  സവര്‍ണ്ണഗുണ്ടകള്‍ എതിര്‍പ്പുമായി രംഗത്ത് വരികയും അതു വമ്പിച്ച ലഹളകളിലേക്ക് നയിക്കുകയും ചെയ്തു. സമ്പത്തിന്റെയും അധികാരത്തിന്റെയും പിന്‍ബലമുണ്ടായിരുന്ന സവര്‍ണ്ണരില്‍നിന്നും ദളിതര്‍ക്ക് കടുത്ത   മര്‍ദ്ദനം ഏല്‍ക്കേണ്ടിവരിക   മാത്രമല്ല വന്‍‌തോതില്‍ ദളിത് കുടിലുകളും മാടങ്ങളും തകര്‍ക്കപെടുകയും ചെയ്തു . സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളിയുടെ  നേതൃത്വത്തില്‍ നടന്ന ഏറ്റവും പ്രധാനപെട്ട  സമരങ്ങളിലൊന്നു 1912 നെടുമങ്ങാട്   ചന്തയില്‍ നടന്നതാണ് . ശ്രീമൂലം പ്രജാസഭ മെംബര്‍ ആയിരിക്കെയാണ് അദ്ദേഹം ഈ സമരത്തിന് നേതൃത്വം നല്‍കിയത് . അവകാശങ്ങള്‍ ആരും വിളിച്ചു തരികയില്ല . അവ നേടിയെടുക്കണം എന്ന്  പ്രഖ്യാപനവുമായി സാധനങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ അവകാശമില്ലാതിരുന്ന  അയിത്ത  ജനതയെ സംഘടിപ്പിച്ചുകൊണ്ട് അയ്യങ്കാളി  നെടുമങ്ങാട് ചന്തയിലേക്ക് കടന്നു ചെല്ലുകയും വിലചോദിച്ച് സാധനങ്ങള്‍ വങ്ങാനും ശ്രമിച്ചു. ഇതാകട്ടെ വമ്പിച്ച ലഹളകളിലേക്ക് നയിച്ചു എന്നാല്‍ ഈ ലഹളയോടെ ദളിതര്‍ക്കു ചന്തയില്‍ പോയി സാധങ്ങള്‍ വാങ്ങാനുള്ള  അവകാശം സ്ഥാപിക്കപെടുകയാണുണ്ടായത്

വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള സമരം

അധ:സ്ഥിതര്‍  ജനനം കൊണ്ടുതന്നെ അക്ഷരജ്ഞാനം നിഷേധിക്കപെട്ടവരായിരുന്നു. മറ്റു കാര്യങ്ങള്‍കൊപ്പം ഇതിനെ സംബന്ധിച്ചും അയ്യങ്കാളി ചെറുപ്പം മുതലേ  ഉത്ക്കണ്ഠാകുലനായിരുന്നു, സവര്‍ണ്ണര്‍  അവരുടെ കുട്ടികള്‍കൊപ്പം ദളിത് കുട്ടികളെ ഇരുത്തി പഠിപ്പിക്കാന്‍ തയ്യാറല്ലായിരുന്നു.  വഴിനടക്കാനുള്ള പോരാട്ടത്തോടൊപ്പം  വിദ്യാഭ്യാസ അവകാശപോരാട്ടത്തിനും തയ്യാറാകാന്‍ ഇത് മഹാനായ അയ്യാങ്കാളിയെ നിര്‍ബന്ധിതനാക്കി.  ഇതിന്റെ തുടക്കമെന്നോണം  1904 ല്‍ തന്നെ അദ്ദേഹം അധ:സ്ഥിത കുട്ടികള്‍ക്കായി ഒരു കുടിപ്പള്ളീകൂടം സ്ഥാപിക്കുന്ന പ്രക്രിയയിലേര്‍പ്പെട്ടു.  ഇതിന്റെ തുടര്‍ച്ചയായിട്ടാണ്  1905 -ല്‍  വെങ്ങാനൂരില്‍  അധ:സ്ഥിതര്‍ക്കു സ്വന്തമായി ആദ്യത്തെ കുടിപ്പള്ളികൂടം കെട്ടിയുണ്ടാക്കിയത് . എന്നാല്‍  കേരളത്തിലെ  അധ:സ്ഥിതരുടെ  ആദ്യത്തെ ഈ വിദ്യാലയം അന്നു രാത്രി തന്നെ സവര്‍ണ്ണര്‍ തീവെച്ചു നശിപ്പിച്ചു. പക്ഷേ  തിരിച്ചടികളില്‍ പതറാത്ത്    അയ്യങ്കാളീയുടെ നേതൃത്വത്തില്‍  അത് വീണ്ടും കെട്ടിപൊക്കി  സ്ഥായിയായി നിലനിര്‍ത്തുകയാണുണ്ടായത് . എന്നാല്‍  ദളിതര്‍ക്ക്  സ്കൂള്‍ പ്രവേശനം  അനുവദിക്കുന്നതില്‍  സവര്‍ണ്ണര്‍ക്കുള്ള എതിര്‍പ്പ് രൂക്ഷമാവുകയും  അതോടൊപ്പം  അയ്യങ്കാളീയുടെ ഇടപെടല്‍ ശക്തമാവുകയും ആണുണ്ടായത്.  ഇതിലേറ്റവും  പ്രധാനപെട്ടത് സാധുജനപരിപാലന സംഘത്തിലൂടെ സ്കൂള്‍പ്രവേശനത്തിനുവേണ്ടി അദ്ദേഹം നടത്തിയ  സമരങ്ങളാണ് .

സവര്‍ണ്ണരുടെ  അതിശക്തമായ എതിര്‍പ്പിനിടയിലും 1910 മാര്‍ച്ച്  ഒന്നിന് അന്നത്തെ ദിവാനായിരുന്ന  രാജഗോപാലാചാരിയെ കൊണ്ട് അധ:സ്ഥിതര്‍ക്ക്  സ്കൂള്‍പ്രവേശന ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞത് അയ്യങ്കാളിയുടെ ശ്രമഫലമായിട്ടായിരുന്നു.  സവര്‍ണ്ണരുടെ  കുട്ടികള്‍കൊപ്പം  അവര്‍ണ്ണരുടെ  കുട്ടികളും ഇരുന്നു പഠിക്കുന്നതിന്  നിയമപരമായ പിന്‍ബലം നല്‍കിയ ഈ ഉത്തരവിനെ

 “ കുതിരയേയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുന്നതിനോട്  “  

ഉപമിക്കുകയാണ്  സവര്‍ണ്ണാധിപത്യം കൈവിട്ടിട്ടില്ലാത്ത അന്നത്തെ പ്രമുഖ പത്രപ്രവര്‍ത്തകര്‍ പോലും ചെയ്തത് .  സര്‍ക്കാരിന്റെ ഉത്തരവുണ്ടായിട്ടും  അവര്‍ണ്ണരെ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കാന്‍  സവര്‍ണ്ണരും അവരുടെ ഉദ്യോഗസ്ഥ മേധാവികളും തയ്യാറായില്ല. ഭരണാധികാരികളു;ടെ  ഔദാര്യത്തിനപ്പുറം  പോരാട്ടത്തിലൂടെ തന്നെ  ഇതും നേടിയെടുക്കണമെന്ന ഉത്തമബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ്  1914 -ല്‍ പഞ്ചമി യെന്ന എന്ന  പെണ്‍കുട്ടിയെ , സവര്‍ണ്ണ മേധാവികള്‍ക്കേതിരെ  ബലപ്രയോഗം നടത്തി ഊരട്ടമ്പലം  സ്കൂളില്‍ അദ്ദേഹം  കയറ്റി ഇരുത്തിയത്. ഇത് സവര്‍ണ്ണ ഗുണ്ടകളും  അവര്‍ണ്ണരും തമ്മില്‍ സ്കൂള്‍ മുറ്റത്ത് വലിയ ഏറ്റുമുട്ടലിന് കാരണമാകുകയും ചെയ്തു. അന്ന് രാത്രി സവര്‍ണ്ണര്‍ ആ സ്കൂള്‍ തീവെക്കുകയും ചെയ്തു.

സാധുജന പരിപാലനസംഘം

തന്റെ പ്രവര്‍ത്തനങ്ങളുടെ  ആരംഭദശയില്‍ത്തന്നെ  സംഘടനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ അയ്യങ്കാളി  1907 -ല്‍ വെങ്ങാനൂരില്‍ വെച്ച്  അധ:സഥിത ജനതയുടെ  സംഘടനയെന്ന നിലയില്‍  സാധുജനപരിപാലന  സംഘത്തിന് രൂപം നല്‍കി.  രൂപീകരണ കാലം മുതല്‍ ‍വിദ്യാലയ പ്രവേശനത്തിനാണ്   സംഘം ഊന്നല്‍ നല്‍കിയത് . 1907 -ല്‍ സാധുജനപരിപാലന സംഘം സ്ഥാപിതമാവുമ്പോള്‍ വിദ്യാഭ്യാസ‍മുള്ള ദളിതര്‍ തിരുവിതം കൂറില്‍ മിക്കവാറും ഇല്ല്ലായിരുന്നുവെന്ന് പറയാം എന്നാല്‍ അയ്യങ്കാളിയുടെയും സഘത്തിന്റെ യും പ്രവര്‍ത്തനഫലമായി 10 വര്‍ഷം  കൊണ്ട് 17000 -ല്‍ പരം ദളിതര്‍  വിദ്യാഭ്യാസം നേടിയവരായി  മാറി 1916 നും 1917 നും ഇടയില്‍ ദളിതരുടെ ഇടയില്‍ എഴുത്തും വായനയും അറിയാവുന്നവരുടെ എണ്ണത്തില്‍ 62.9 % വര്‍ദ്ധനവാണ്   ഉണ്ടായത് .

 അയിത്തത്തിനെതിരായ പോരാട്ടത്തില്‍ , അറിവുമുള്ള ഒരു സമൂഹ്യവിഭാഗമായി ദളിതരേ ഉയര്‍ത്തികൊണ്ടുവരുന്നതില്‍ ആശയപ്രചാരണത്തിനുള്ള പ്രാ‍ധാന്യം  മറ്റാരെകാളും തിരിച്ചറിഞ്ഞ ആളാണ്   അയ്യങ്കാളി  . അതിന്‍ പ്രകാരം 1913 ല്‍ സാധുജന പരിപാലനസംഘത്തിന്റെ മുഖപത്രമെന്ന നിലയില്‍  ‘സാധുജനപരിപാലിനി’ എന്ന മാസിക പ്രസിദ്ധീകരണമാരംഭിച്ചു. അന്നത്തെ ചരിത്ര സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ കേരളത്തിന് മാത്രമല്ല ഇന്ത്യക്കാകെ അഭിമാനിക്കാവുന്ന ഒരു മാതൃകയും മഹാനേട്ടവുമായി വേണം ഇതിനെ വിലയിരുത്താന്‍ .വാസ്തവത്തില്‍ സാധുജനപരിപാലന സംഘരൂപീകരണവും , സംഘടനാരംഗത്തും ആശയരംഗത്തും അതു വഹിച്ച പങ്കുമാണ്  അധ:സ്ഥിത ജനതയുടെ അനിഷേധ്യ നേതാവായി അയ്യങ്കാളി തിരുവിതാംകൂറിലാകെ അംഗീകരിക്കപെടുന്നതിന്   ഇടയാക്കിയത് .

കേരളത്തിലെ ആദ്യത്തെ കാര്‍ഷിക വിപ്ലവ സമരം

മണ്ണില്‍ പണിയെടുത്തിരുന്നവര്‍ അടിമകളും,  കന്നുകാലികള്‍ക്കൊപ്പം ചന്തയില്‍ വില്‍ക്കപെടുന്നവരും ആയിരിക്കുകയും സംഘടനയേയും മനുഷ്യാവകാ‍ശത്തെയും സംബന്ധിച്ച അവബോധം പൊതു  സമൂഹത്തില്‍  ഒട്ടും വേരോടാതിരിക്കുകയും ചെയ്ത കാലത്ത്  മഹാനായ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ തിരുവിതാംകൂറില്‍ ഒരു വര്‍ഷകാലം  (1907-08 )  നീണ്ടുനിന്ന അധ:സ്ഥിതരുടെ സമരം ചരിത്രത്തിലാദ്യത്തേതാണ്  അടിമകളെപോലെ ഭൂമിയില്‍ പണിയെടുക്കാ‍ന്‍ തയ്യാറല്ലെന്ന്  പ്രഖ്യാപിച്ചുകൊണ്ട് , മണ്ണിന്റെ മക്കള്‍ നടത്തിയ ഈ പ്രക്ഷോഭം , നിസ്സാരകാര്യങ്ങളുടെ പേരുപറഞ്ഞ് ദളിതരെ  അതിക്രൂരമായി മര്‍ദ്ദിച്ചു പോന്നിരുന്ന സവര്‍ണ്ണജന്മികളെ കൂടുതല്‍ പ്രകോഭിപ്പിച്ചു .

‘ കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ പാടത്ത് പണിചെയ്യാന്‍ തയ്യാറല്ലെന്ന്

അയ്യങ്കാളിയുടെ പരസ്യ പ്രഖ്യാപനത്തോടെ ആരംഭിച്ച ഈ സമരം ക്രമേണ അധ:സ്ഥിതരെ അടിമകളായി കണക്കാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും , പൊതുവഴികളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം  അനുവദിക്കണമെന്നതും അടക്കമുള്ള ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പടര്‍ന്നുപിടിച്ചു.   എല്ലാ ആവശ്യങ്ങളും അനുവദിച്ചുകിട്ടും വരെ ജന്മിമാരുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനവുമായി സമരം മുന്നോട്ടുപോയി ജന്മിമാരാകട്ടെ   നായര്‍ പ്രമാണിമാരായ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും പിന്തുണയോടെ ദളിതരെ മര്‍ദ്ദിക്കാനും ആരംഭിച്ചു . അടിയാന്മാരുടെ അധ്വാനം കൊണ്ട് വീട്ടിലെ അറകളില്‍ ധാന്യം സംഭരിച്ചുവെച്ചിരുന്ന സവര്‍ണ്ണജന്മികള്‍ക്ക് തുടക്കത്തില്‍ ബുദ്ധിമുട്ടില്ലായിരുന്നു. എന്നാല്‍ അന്നന്നത്തെ അധ്വാനം കൊണ്ട് മാത്രം ജീവന്‍ നിലനിര്‍ത്തിപോന്നിരുന്ന മണ്ണിന്റെ മക്കളു’ടെ സ്ഥിതി ഊഹിക്കാവുന്നതേ ഉള്ളൂ. എന്നിട്ടും അവര്‍ അയ്യങ്കാളിയുടെ സമരനേതൃത്വത്തില്‍ ഉറച്ചുനിന്നു.

നിവൃത്തിയില്ലാതെ ചില നായര്‍ പ്രമാണിമാര്‍ കൃഷിപണിക്ക് തയ്യാറായി ഇതേപറ്റി ,

“ ഒരു പുലയി ഒരു ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി ആറ് നായന്മാര്‍ ഒരു ദിവസം കൊണ്ട് വളരെ ബുദ്ധിമുട്ടി ചെയ്യേണ്ടതായി വന്നുവെന്നും ചെളിയിലും വെള്ളത്തിലും നിന്നതിനാല്‍ അവര്‍ക്ക് രോഗം പിടിപെട്ടുവെന്നും ” 

 1916 -ല്‍ അയ്യങ്കാളിതന്നെ  പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തിലേറെ കാലം നീണ്ടുനിന്ന ഈ സമരം ഒടുവില്‍ തിരുവിതാംകൂര്‍ ദിവാന്‍ കൂടി പങ്കെടുത്ത് ഒരു ഒത്തു തീര്‍പ്പ് ചര്‍ച്ചയ്യിലൂടെയാണ് ശമിച്ചത്. സഞ്ചാരസ്വാതന്ത്ര്യം , സ്കൂള്‍പ്രവേശനം , പണിസ്ഥലത്തെ അവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അനുഭാവപൂര്‍ണ്ണമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍‌വലിച്ചതെങ്കിലും  , ഇവക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ തുടരുകതന്നെ ചെയ്തു. 

പ്രജാസഭയിലെ ഇടപെടലുകള്‍ 

1911 ഡിസംബര്‍ 5-ലെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗസറ്റിലാണ്  അയ്യങ്കാളിയെ ശ്രീമൂലം  പ്രജാസഭയിലേക്ക്  നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ് പ്രസിദ്ധീകരിച്ചത്. 1912 മുതല്‍ 1933 വരെ  തുടര്‍ച്ചയായി 22 വര്‍ഷം  അദ്ദേഹം പ്രജാസഭാ മെംബറായിരുന്നു.  ശ്രീമൂലം പ്രജാസഭയുടെ പ്രവര്‍ത്തനചരിത്രത്തില്‍  അധ:സ്ഥിത ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി   അയ്യങ്കാളി നടത്തിയ  ഇടപെടലുകളോട്  താരതമ്യം ചെയ്യാവുന്നതായി പില്‍ക്കാല ചരിത്രത്തിലൊന്നും  ഉണ്ടായിട്ടില്ല. പ്രജാസഭാമെമ്പറെന്ന നിലയില്‍  ഏറ്റവും  പിന്നണിയില്‍  കിടക്കുന്ന അധ:സ്ഥിതരുടെ ആവശ്യങ്ങളും  അവകാശങ്ങളും  സക്കാ‍രിന്റെ മുന്നിലെത്തിക്കുന്നതിലും  അവ നേടിയെടുക്കുന്നതിലും സ്തുത്യര്‍ഹമായ പങ്കാണ്‍ വഹിച്ചത്. ഇന്ത്യയിലെ  പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ പ്രാരംഭദശയിലായിരുന്ന കാലത്താണ്  ഔപചാരിക വിദ്യാഭ്യാസത്തിന്റെ പരിമിതികളെ  പോലും മറികടന്നുകൊണ്ട്   ദളിതരുടെ ജീവിതപ്രശ്നങ്ങളും  ബുദ്ധിമുട്ടുകളും ഭരണശ്രദ്ധയില്‍ കൊണ്ടുവരാന്‍  അദ്ദേഹം  ശ്രമിച്ചത്  ഇതിനിടയില്‍  അധ:സ്ഥിതരെ സംഘടിപ്പിച്ചുകൊണ്ട് പ്രത്യക്ഷസമരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. അനാരോഗ്യം മൂലം  തനിക്ക്  പ്രജാസഭ മെമ്പറെന്ന നിലയില്‍  ഉത്തരവാദിത്വങ്ങള്‍  നിറവേറ്റാന്‍  കഴിയില്ലെന്ന്   ബോദ്ധ്യപെട്ട  സന്ദര്‍ഭത്തില്‍ ആണ്  1933  ഫെബ്രുവരിയില്‍  മരിക്കുന്നതിനും  8 വര്‍ഷം മുന്‍പ്  ആ സ്ഥാനം  അദ്ദേഹം  വെച്ചൊഴിഞ്ഞത്.

നീണ്ട  22  വര്‍ഷത്തിനുള്ളില്‍  ശ്രീമൂലം   പ്രജാസഭയില്‍ അദ്ദേഹം  നടത്തിയ പ്രസംഗങ്ങളെ സംബന്ധിച്ച് ഒരു വിഗഹ വീക്ഷണം  ഈ സന്ദര്‍ഭത്തില്‍  ഏറെ പ്രസക്തമാണ് .  1912  ഫെബ്രുവരി  27 നു  നടത്തിയ  ആദ്യത്തെ  പ്രസംഗത്തില്‍ ദളിതര്‍ക്ക്  കൃഷിചെയ്യാന്‍  ഭൂമി നല്‍കണമെന്ന ആവശ്യമാണ്  അദ്ദേഹം മുന്നോട്ട് വെച്ചത്. അടിമത്വത്തില്‍നിന്നുള്ള  അധ:സ്ഥിതരുടെ  മോചനത്തിന്  ഉള്ള യഥാര്‍ത്ഥ  പരിഹാരം  ഭൂമിയിന്മേലുള്ള  ഉടമാവകാശമാണെന്ന അദ്ദേഹത്തിന്റെ  ഉത്തമബോദ്ധ്യത്തില്‍ നിന്നാണ് പ്രജാസഭയിലെ  കന്നി പ്രസംഗത്തില്‍  ഇത് കേന്ദ്രവിഷയമായി അദ്ദേഹം ഉന്നയിച്ചത്. ഈ ആവശ്യം  കൂടുതല്‍ ശക്തിയായി  1920  ഫെബ്രുവരി  24 നും  1924  ഫെബ്രുവരി  25 നും നടത്തിയ പ്രസംഗങ്ങളില്‍ അയ്യങ്കാളി ആവര്‍ത്തിക്കുന്നതായി കാണാം  അദ്ദേഹത്തിന്റെ  നിരന്തര ഇടപെടലുകളുടെ  ഫലമായാണ്  രേഖകള്‍ പ്രകാരം ദളിതര്‍ക്ക് നാമമാത്രമായ തോതിലാണെങ്കിലും  ഭൂമി പതിച്ചു കൊടുക്കുന്നതിനുള്ള  ശ്രമങ്ങള്‍  1919 മുതല്‍ തിരുവിതാം കൂറില്‍  ആരംഭിക്കുന്നത് . ഇങ്ങനെ  ലഭിച്ച ഭൂമി പലയിടത്തും  സവര്‍ണ്ണരും  കൃസ്ത്യന്‍ പ്രമാണിമാരും  പിടിച്ചെടുത്തതായും അയ്യങ്കാളി  അവിടങ്ങളില്‍ ഇടപെട്ടതായും രേഖകളുണ്ട്. ഉദാഹരണത്തിന്‍ 1921 -ല്‍ എരുമേലിക്കടുത്ത് ദളിതര്‍ക്ക്  അനുവദിച്ച സ്ഥലം  സവര്‍ണ്ണക്രൈസ്തവര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന്  അയ്യങ്കാളി നേരിട്ടെത്തി  അത് തിരിച്ച്പിടിക്കുകയായിരുന്നു.  അതിന് വേണ്ടി  നടത്തിയ സമരം  എണ്ണൂറാം വയല്‍ ലഹള എന്ന പേരിലാണ്  അറിയപ്പെടുന്നത്.

 പ്രജാസഭയില്‍ ഒരു വേള ,   അദ്ദേഹം  ഏറ്റവുമധികം   പ്രസംഗിച്ചിട്ടുള്ളത് വിദ്യാഭ്യാസത്തിനും  അവസരസമത്വത്തിനും വേണ്ടിയാണെന്നും പറയാം  1912  മാര്‍ച്  4-നു   നടത്തിയ പ്രസംഗത്തിന്റെ  മുഖ്യപ്രമേയം  അധ:സ്ഥിതര്‍ക്ക്  സ്കൂള്‍ പ്രവേശനവും  സര്‍ക്കാര്‍ തൊഴിലും  ലഭിക്കണമെന്നതായിരുന്നു.  1916 ഫെബ്രുവരി 28,  ഫെബ്രുവരി 29,  1917 ഫെബ്രുവരി, 1918 ഫെബ്രുവരി,1919 ഫെബുവരി , 1920ഫെബ്രുവരി, മാര്‍ച്, 1922 ഫെബ്രുവരി.തുടങ്ങിയ കാലയളവുകളില്‍ നടത്തിയ പ്രസംഗങ്ങളെല്ലാം അധ:സ്ഥിതരുടെ വിദ്യാഭ്യാസ അവകാശങ്ങളും സൌജന്യ നിയമസഹായവുമായി ബന്ധപെട്ടതായിരുന്നു. ‘ പുലയരുടെ പ്രാഥമിക് വിദ്യഭ്യാസം നിര്‍ബന്ധിതമാക്കണ’ മെന്ന 1920 മാര്‍ച്ച് 2-ന്റെ അദ്ദേഹത്തിന്റെ പ്രസംഗം ശ്രദ്ധേയമായിരുന്നു. അധ:സ്ഥിതരുടെ കുട്ടികള്‍ രാവിലെ പട്ടിണിക്കാണ് സ്കൂളുകളില്‍ എത്തുന്നതെന്നും അവര്‍ സ്കൂളുകളില്‍ നിലനില്‍ക്കണമെങ്കില്‍ സൌജന്യ ഭക്ഷണത്തിനുള്ള ഏര്‍പ്പാടിന്  സര്‍ക്കാര്‍ തയ്യാറാകണമെന്നുമാ‍യിരുന്നു 1922  ഫെബ്രുവരി 27 നും 1924 മാര്‍ച്ച്  10 നും ചെയ്ത് പ്രസംഗങ്ങളുടെ സാരം

ഇപ്രകാരം ഭൂമി, വിദ്യാഭ്യാസ അവകാശങ്ങള്‍, അവസരസമത്വം തുടങ്ങിയവക്കു വേണ്ടി പ്രജാസഭയില്‍ ഭരണാധികാരികളുടെ  ശ്രദ്ധ ക്ഷണിക്കുന്നതോടൊപ്പം ഇപ്രകാരം അനുവദിച്ച അവാകാശങ്ങള്‍ ഉറപ്പിക്കാനും കൂടുതല്‍  അവകാശങ്ങള്‍ നേടിയെടുക്കാനും തെരുവില്‍ പോരാട്ടങ്ങള്‍‍ക്ക് നേതൃത്വം കൊടുക്കുകയുമായിരുന്നു അയ്യങ്കാളി .  പ്രജാസഭയിലെ ഇടപെടലുകളെ ജനകീയ പോരാട്ടങ്ങളുമായി എങ്ങനെ കണ്ണിചേര്‍ക്കാമെന്ന് കേരളത്തിന് വഴികാട്ടിയ മഹാനായ  സമരനായകനാണദ്ദേഹം . പ്രജാസഭയിലെ മെംബര്‍ ആയിരിക്കെ തന്നെ ആണ്  അയ്യങ്കാളിയുടെ നേതൃത്വത്തില്‍ അധ:സ്ഥിത സ്ത്രീകള്‍ കല്ലുമാല   പൊട്ടിച്ചെറിയാനും വസ്ത്രം ധരിക്കാനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്. അന്നത്തെ ചരിത്രസാഹചര്യത്തില്‍ ഇക്കാര്യങ്ങളിലെല്ലാം സവര്‍ണ്ണമേധാവികളുമായി ഇഞ്ചോടിഞ്ച് ഏറ്റുമുട്ടികൊണ്ടല്ലാതെ  ഈ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനാകുമായിരുന്നില്ല.

 വളരെ ചുരുക്കി പറഞ്ഞാല്‍ ,  പ്രജാസഭാ പ്രവര്‍ത്തനങ്ങളും അതുവഴി അധികാര കേന്ദ്രങ്ങളുമായുള്ള ഔദ്യഓഗിക ബന്ധവുമെല്ലാം അധ:സ്ഥിത ജനതയുടെ വിമോചനത്തിനും , അനിവാര്യമായ   സംഘാടനത്തിനും , ശക്തിപ്രകടത്തിനും ബഹുജനപോരാട്ടത്തിനും സൌകര്യപ്രദമായ രീതിയില്‍ ഉപയോഗിച്ച്  കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയനേതാവും  സമരനായകനുമാണ് മഹാനായ അയ്യങ്കാളി .

അയ്യങ്കാളിയോടൂള്ള സമീപനം

19 -ആം നൂറ്റാണ്ട് മുതലാരംഭിച്ച ഇന്ത്യയിലെ  നവോത്ഥാന മുന്നേറ്റത്തിന്റെ പൊതു ചരിത്രത്തില്‍  കേരളതെ  വ്യതിരക്തമാക്കുന്ന  ഘടകം  ഇവിടെ  നടന്ന സാമൂഹ്യനവോത്ഥാനത്തിന്റെ സവിശേഷയതയാണ് . ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ അതു പ്രായേണ  സവര്‍ണ്ണ -മദ്ധ്യ ജാതികളിലും  ഉപരിവര്‍ഗ്ഗത്തിലും  ഒതുങ്ങിനിന്നപ്പോള്‍ കേരളത്തിലേത്   ഇവിടത്തെ സാമൂഹ്യഘടനയെ ഉഴുതുമറിക്കത്തക്കവിധം  അധ:സ്ഥിത-അവര്‍ണ്ണ  ജാതികളിലൂന്നികൊണ്ടാണ്  വികസിച്ചുവന്നത്. ഇക്കാര്യത്തില്‍ അയ്യങ്കാളി  നയിച്ച മുന്നേറ്റങ്ങളും ശ്രീനാരായണ പ്രസ്ഥാനവും  സംജാതമാക്കിയ സമാനതകളില്ലാത്ത ചരിത്രപ്രക്രിയയുടെ തുടര്‍ച്ചയായിട്ടാണ് ഏറ്റവും അടിത്തട്ടില്‍ കഴിയുകയായിരുന്ന ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍  സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരായ  പോരാട്ടങ്ങള്‍  കേരളത്തില്‍ വളര്‍ന്നുവന്നത്. ഈ പുരോഗമനധാരയാണ്  1957 ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രൂപീകരണത്തിലേക്കെത്തിയത്. ഭൂമിക്കും  സാമൂഹ്യ സമത്വത്തിനും  വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള മര്‍ദ്ദിതരുടെ  ആവശ്യങ്ങളുമായി ബന്ധപെട്ട ചില പരിഷ്കരണശ്രമങ്ങള്‍ക്ക്  ആ ഗവണ്‍‌മെന്റ് മുന്‍‌കൈയെടുത്തുവെങ്കിലും പിന്തിരിപ്പന്‍ ശക്തികളുടെ ഇടപെടലും  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ വ്യതിചലനവും  നിമിത്തം ഈ പുരോഗമനധാര മുന്നോട്ട്കൊണ്ട്പോകുകയുണ്ടായില്ല.  വിദ്യാഭ്യാസരംഗത്ത് പരിഷ്കരണവാദപരമായ  ചില  നടപടികളുണ്ടായതൊഴിച്ചാല്‍ , ഏറ്റവും അടിസ്ഥാനപ്രശ്നമായ ഭൂമിയുടെ കാര്യത്തില്‍  അടിയാളവര്‍ഗ്ഗം കൃഷിഭൂമിയില്‍നിന്നു തന്നെ ആട്ടിയോടിപ്പിക്കപെടുന്നതിലേക്കാണ്  പിന്നീട് കാര്യങ്ങള്‍ എത്തിയത്.  അതോടൊപ്പം പുറമെകാണുന്ന മാന്യതക്കുള്ളില്‍ എല്ലാ സാമൂഹ്യവ്യവഹാരങ്ങളിലും  ജാത്യാധിപത്യം വര്‍ദ്ധിതവീര്യത്തോടെ തിരിച്ചുവരികയും  ചെയ്യുകയുണ്ടായി .

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയാപചയവുമായി  കൂടി ബന്ധപെട്ട ഈ പ്രതിലോമ പ്രവണതയെ തടഞ്ഞുനിര്‍ത്താനുള്ള  ശ്രമങ്ങള്‍  1969 -ല്‍  സിപിഐ(എം എല്‍)രൂപീകരണവുമായി ബന്ധപെട്ട് ഉണ്ടാകുന്നുവങ്കിലും പ്രസ്ഥാനത്തെ  ബാധിച്ച വിഭാഗീയത മൂലം  വീണ്ടും തിരിച്ചടികള്‍  നേരിടുകയാണുണ്ടായത്. തുടര്‍ന്ന്  സാമ്രാജ്യത്വ ആഗോളീകരണവുമായി ബന്ധപെട്ട്  ഭരണവര്‍ഗ്ഗങ്ങള്‍  ക്ഷേമരാഷ്ട്ര നയങ്ങളും  കേരളമോഡലും  കൈയൊഴിച്ചത് സ്ഥിതിഗതികള്‍  കൂടുതല്‍ രൂക്ഷമാക്കി.  ഭൂപരിഷ്കരണത്തിന്റെ പേരില്‍  ലക്ഷം വീട് കോളനികളിലേക്കും  സെറ്റില്‍മെന്റ് കോളനികളിലേക്കും ആട്ടിപായിക്കപെട്ട് ദളിതരും  ആദിവാസി വിഭാഗങ്ങളും  പൊതുവിദ്യാഭ്യാസവും  , പൊതുജനാരോഗ്യവും  പൊതുവിതരണ സമ്പ്രദായവും  കൂടി സര്‍ക്കാര്‍ കൈയ്യൊഴിച്ചതോടെ  ഇന്ന് യാചക സമാനമായ  ജീവിതാവസ്ഥയിലാണ് . ഭൂമിയും വിദ്യാഭ്യാസ അവകാശങ്ങളും  സാമൂഹ്യസമത്വവും  നിഷേധിക്കപെട്ട് ,കേരളത്തിലേയും ഇന്ത്യയിലേയും ദളിതര്‍ , ഒരു നൂറ്റാണ്ടിനു മുന്‍പ് അയ്യങ്കാളി  പോരാടിനേടിയ അവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കപെടുന്ന സ്ഥിതിയിലാണിന്ന്. മഹാനായ അയ്യങ്കാളിയുടെ   വര്‍ത്തമാന ചരിത്രപ്രസ്ക്തിയെ  സംബന്ധിച്ച അന്വേഷണങ്ങള്‍  ഗൌരവാ‍വഹമാകുന്നത് ഈ സന്ദര്‍ഭത്തിലാണ് . അദ്ദേഹത്തിന്റെ പോരാട്ട നേട്ടങ്ങളെ അന്നത്തെ പ്രജാവത്സലരായ രാജപ്രമുഖരുടെ   ഔദാര്യങ്ങളായി ചിത്രീകരിക്കാനാണ് ഭരണവര്‍ഗ്ഗ ബുദ്ധിജീവികളും അക്കാദമിക്‍ പണ്ഡിതന്മാരും  എന്നും ശ്രമിച്ച് പോന്നിട്ടുള്ളത് . ഇതില്‍ നിന്നു വ്യത്യസ്ഥമായി , ആത്മീയാചാര്യന്‍ മുതല്‍ കേവലം സമുദായ പരി‍ഷ്കര്‍ത്താവ് വരെയുള്ള പദവികള്‍  അദ്ദേഹത്തില്‍ ചാര്‍ത്തി വിഗ്രഹവല്‍ക്കരിക്കാന്‍  ശ്രമിക്കുന്നവരാകട്ടെ , അന്ന് നിലവിലിരുന്ന സാമൂഹ്യ വ്യവസ്ഥയുടെ അടിസ്ഥാന ശിലകള്‍ക്കെതിരെ അദ്ദേഹം നടത്തിയ സമരപോരാട്ടങ്ങളുടെ  രാഷ്ട്രീയ പ്രാധാന്യത്തെയും കേരളത്തിന്റെ ചരി‍ത്രനിര്‍മ്മിതിയില്‍ അദ്ദേഹം വഹിച്ച നെടുനായകത്വത്തെയും അവഗണിക്കുകയാണ് ചെയ്യുന്നത് . ജാത്യാഭിമാനത്തിന്റെ ആധുനികോത്തര പരിഭാഷകളില്‍ തല്പരരായ  സ്വത്വ വാദികളാകട്ടെ  , പ്രതിലോമ ഗോത്രപരതയില്‍ അഭിരമിക്കുകയും ചെയ്യുന്നു.  ഇതിനിടയിലാണ്  അയ്യങ്കാളിയെ ഹൈജാക്  ചെയ്ത്  തങ്ങളുടെ വോട്ട് ബാങ്കുകള്‍ ഉറപ്പിക്കാന്‍  കോണ്‍ഗ്രസ്സ് പോലുള്ള ഭരണവര്‍ഗ്ഗപാര്‍ട്ടികള്‍  കരുക്കള്‍  നീക്കുന്നത്.  വടക്കെ ഇന്ത്യയിലും  മറ്റും  ജാത്യാചാരത്തിന് വിരുദ്ധമായി  വിവാഹം കഴിച്ചതിന്റെ പേരില്‍,   അതുമല്ലെങ്കില്‍  പശുവിന്റെ മാംസം ഭക്ഷിച്ചതിന്റെ പേരില്‍ , ദളിതരെ  ചുട്ടുകൊല്ലുന്ന സവര്‍ണ്ണ ഭരണവര്‍ഗ്ഗ നേതാക്കന്‍മാര്‍ കേരളത്തില്‍ വന്ന് അയ്യങ്കാളിയെ പ്രകീര്‍ത്തിക്കുന്നത് സഹിക്കാവുന്നതിലപ്പുറമാണ് .  സംവരണ വിരുദ്ധ പ്രക്ഷോഭത്തിലൂടെ  സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ പേരിലും  പൊതുവിദ്യാഭ്യാസവും  പൊതുജനാരോഗ്യ സംവിധാനങ്ങളും  പൊതുവിതരണ  സമ്പ്രദായവും  തകര്‍ക്കുന്നതിലൂടെയും  ദളിതരെ  ഏറ്റവുമധികം  കടന്നാക്രമിക്കുന്നതും  ഇക്കൂട്ടര്‍  തന്നെയാണ് . 

ഈ സാഹചര്യത്തില്‍ ഭൂമിക്കും  വിദ്യാഭ്യാസത്തിനും സാമൂഹ്യസമത്വത്തിനും വേണ്ടി മഹാനായ അയ്യങ്കാളി നടത്തിയ സമരപോരാട്ടങ്ങളുടെ പാരമ്പര്യത്തെ ഇന്നത്തെ ചരിത്രസാഹചര്യങ്ങള്‍ ആവശ്യപെടുന്ന പ്രകാരം മുന്നോട്ടു കൊണ്ടുപോകുകയാണ് പുരോഗമനപരമായിട്ടുള്ളത് .

 “ കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക്”

 എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍,  ഭൂമിക്ക് വേണ്ടിയും അടിയാള വര്‍ഗ്ഗത്തിനു വിദ്യാഭ്യാസവും ഭക്ഷണവും സാമൂഹ്യസേവനങ്ങളും നിഷേധിക്കുന്ന സാമ്രാജ്യത്വ ആഗോളീകരണത്തിനെതിരെയും  സിപിഐ (എം എല്‍)  ഏറ്റെടുത്തിട്ടുള്ള പോരാട്ടങ്ങള്‍ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ് .അയ്യങ്കാളി നടത്തിയ മഹത്തായ സമരങ്ങളുടെ ശതാബ്ദി ആഘോഷമായി കൊണ്ടാടുകയല്ല  , മറിച്ച് അദ്ദേഹത്തിന്റെ പോരാട്ടങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം  തിരിച്ചറിഞ്ഞ് ആ പാതയിലൂടെ മുന്നേറാനാണ്  പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത് ഇന്നിപ്പോള്‍ സംസ്ഥാന വ്യാപകമായി സിപിഐ(എം എല്‍) തുടങ്ങിവെച്ചിട്ടുള്ള ഭൂസമരം ഇതിന്റെ ഭാഗമാണ് .

വിഭാഗങ്ങള്‍: ലേഖനങ്ങള്‍

1 response ഇതുവരെ ↓

  • ബാബുരാജ് ഭഗവതി // മാര്‍ച്ച് 27, 2008 at 1:23 pm | മറുപടി

    സഖാവെ,
    ചില എതിരഭിപ്രായങ്ങള്‍ രേഖപ്പെടുത്തട്ടെ.
    പക്ഷെ അതിനു മുന്‍പ്‌ പറയട്ടെ, അയ്യന്‍കാളി യെ പോലുള്ള ഒരു നേതാവിനെ താങ്കളുടെ പാര്‍ട്ടി ഗുണത്മകമായി നോക്കികണുന്നത്‌ അഭിനന്ദാര്‍ഹമാണ്‌.
    പക്ഷെ കമ്മ്യൂണിസ്റ്റുകള്‍ ഇതിനുമുന്‍പും അയ്യന്‍കാളിയെ പരിമിതമായെങ്കിലും അംഗീകരിച്ചിട്ടുണ്ട്‌.
    എന്നാല്‍ ജാതി പ്രശ്നത്തെ മാക്സിസ്റ്റ്. പ്രത്യയശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ സൈദ്ധാന്തികമായി വിലയിരുത്തുക യെന്നതാണ്‌ ഇന്നലെ വരെ ഇല്ലാതിരുന്നത്‌, എന്നാല്‍ അതാണ്‌ പ്രധാനവും
    ഇവിടെയും അതു കാണുന്നില്ല.

    മാക്സിസത്തിന്റെ വര്‍ഗ്ഗ സങ്കല്‍പ്പത്തിനുള്ളില്‍ ജാതിയെ എങ്ങിനെ വിലയിരുത്താം എന്നതിനെ കുറിച്ചുള്ള വിശകലങ്ങളുടെ അഭാവത്തില്‍ അയ്യങ്കാളിയെകുറിച്ച് സംസാരിക്കുന്നത്‌, എനിക്കു തോനുന്നു, അവസരവാദമാണ്‌.
    വെറുതെ ഒരു പ്രശ്നമെന്ന നിലയില്‍ പറഞ്ഞുഎന്നെ ഉള്ളുവെങ്കില്‍ തിര്‍ച്ചയായും കുഴപ്പമില്ല.. വര്‍ഗ്ഗസമരത്തിന്റെ യോ മാക്സിസത്തിന്റെയോ പ്രശ്നങ്ങള്‍ ഉദിക്കുന്നുമില്ല.അത്തര മൊരു സാഹചര്യത്തില്‍ ഈ നോക്കികാണല്‍ ശ്രദ്ധേയവുമല്ല.
    നിലപാടുകള്‍ നമ്മുടെ അടിയന്തിര പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഉപാദികളാവരുതല്ലോ

ഒരു അഭിപ്രായം ഇടൂ