പഴയ ഭൂനയം പുതിയ കുപ്പിയില്‍ – കെ. എന്‍. രാമചന്ദ്രന്‍.

02.jpg  നിലവിലുള്ള ഭരണഘടന പ്രകാരം ഭൂ ബന്ധങ്ങളില്‍ അടിസ്ഥാന മാറ്റങ്ങള്‍ വരുത്തുന്നതിന്  പ്രതിബന്ധങ്ങള്‍ഏറെയുണ്ടെങ്കിലും ഭൂപരിഷ്കരണ നിയമങ്ങളെ സംരക്ഷിക്കാനും ഭൂമാഫിയകളെ തടയാനും എന്ന പേരില്‍ വലിയ പ്രചാരണം നല്‍കി  റവന്യൂമന്ത്രി പ്രഖ്യാപിച്ച കരട്ഭൂനയം മല എലിയെ പ്രസവിച്ച പോലെയായി.  യു.ഡി.എഫ്. ന്‍റെ പര്യായമായി മാറിയ എല്‍.ഡി.എഫ്. ല്‍നിന്ന് അദ്ഭുത്ങ്ങള്‍ ഒന്നും ആരും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ‘മൂന്നാര്‍ ഓപ്പറേഷന്‍’ തൊട്ട് സംസ്ഥാനത്തുടനീളം ഏറെ ചര്‍ച്ചചെയ്യപ്പെട്ട അടിയന്തിര പ്രശ്നങ്ങള്‍ക്കെങ്കിലും പരിഹാരം ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിച്ചവരെയും തീര്‍ത്തും നിരാശപ്പെടുത്തുന്നതായി ഈ കരട്.

        തോട്ടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുന്നതും തുണ്ടുതുണ്ടാക്കുന്നതും തടയും, നെല്ല് ഉല്‍പ്പാദന മേഖലകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നെല്‍പ്പാടങ്ങള്‍ക്ക് മാറ്റം വരുത്തന്നത് ത ടയും, വ്യവസായ ങ്ങള്‍ക്ക് ഇനിയും കൊടുക്കുന്ന ഭൂമി സര്‍ക്കര്‍ ഉടമസ്ഥതയില്‍ തുടരും, പാട്ടവും മറ്റു നികുതികളും പരിഷ്കരിക്കും, പാട്ടവ്യവസ്ഥകള്‍ ലംഘിച്ചാല്‍ പാട്ടം റദ്ദ് ചെയ്യും ഭൂബാങ്ക് നവീകരിക്കും തുടങ്ങിയ ഭാവി വാഗ്ദാനങ്ങളാണ്  ഈ കരടില്‍ .  ഭൂമാഫിയയെ തടയുമെന്ന് നേരത്തെപ്രഖ്യാപിച്ചിരുന്നെങ്കിലും അതിനുള്ള വ്യവസ്ഥകളൊന്നും ഇതിലില്ല.  ടാറ്റ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കന്‍ ‍ മുഖ്യമന്ത്രിയുടെ മുന്‍‌കൈയ്യില്‍ നടന്ന ചെറിയ ശ്രമങ്ങളെ പോലും അട്ടിമറിക്കുന്നതിന്   മുന്നില്‍നിന്ന്  പ്രവര്‍ത്തിച്ച റവന്യൂമന്ത്രി സ്വന്തം പാര്‍ട്ടിയുടെയും തന്‍‌റെയും താല്‍പ്പര്യം  രക്ഷിക്കാന്‍  നടത്തുന്ന ഒരു ഉപരിപ്ലവ നീക്കം മാത്രമായിപ്പോയി ഈ കരട്.

അടിയന്തിര പ്രശ്നങ്ങള്‍.

          വനമായി അവശേഷിക്കുന്ന 10 % ഒഴിച്ച് ബാക്കി ഭൂമി മുഴുവനും കൃഷിക്ക്  ഉപയോഗിക്കാവുന്ന കേരളത്തില്‍ കഴിഞ്ഞ് 15 വര്‍ഷം കൊണ്ട് നെല്‍‌വയലുകളുടെ വിസ്തീര്‍ണം നാലിലൊന്നായി ചുരുങ്ങുന്നതുള്‍പ്പെടെ കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കായി മാറ്റുന്ന പ്രവണത   വന്‍ഭീഷണിയായി  മാറി എന്നതാണ് അടിയന്തിരപ്രശ്നം.  ഇതുമൂലം കൃഷിപ്പണിയെ ആശ്രയിച്ച്കഴിയുന്ന തോട്ടം തൊഴിലാളികളും ദശലക്ഷകണക്കിനു കര്‍ഷകതൊഴിലാളി കുടുംബങ്ങളും വഴിയാധാരമാകുകയും മറ്റ് തൊഴിലുകളെ ആശ്രയിക്കേണ്ടിവരികയും ചെയ്തു. ഭക്ഷ്യമേഖലയില്‍നിന്നുള്ള മൊത്തം വരുമാനം കുറഞ്ഞു.

    അതേ സമയം ഒരു നൂറ്റാണ്ടിനുമുന്‍പ് കോവിലകങ്ങളും തമ്പ്രാക്കന്മാരും,  തോട്ടങ്ങള്‍ ആരംഭിക്കുന്നതിന്   ബ്രിട്ടീഷ്‌കാരും  നാട്ടുകാരുമായ   തോട്ടം മുതലാളികള്‍ക്ക് തുച്ഛമായ പാട്ടത്തിന് കൈമാറിയ 10 ലക്ഷത്തിലേറെ ഏക്കര്‍ ഭൂമിയുടെ പാട്ടകാലവുധി കഴിഞ്ഞിട്ടും അവ സര്‍ക്കാര്‍ ഏറ്റെടുത്തില്ല .  പാട്ടം പുതുക്കി ,പുതിയ വ്യവസ്ഥകള്‍ പ്രകാരം തോട്ടങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ടാറ്റ- ഫിന്‍ലെയുമായി 1973 ല്‍ ഉണ്ടാക്കിയ പുതിയ പാട്ടവ്യവസ്ഥകള്‍ പോലും നടപ്പാക്കപെട്ടിട്ടില്ല. തുച്ഛമായ   നിരക്കു പ്രകാരമുള്ള  പാട്ടത്തിന്‍റെ 10,000 കോടിയോളം രൂപ കുടിശ്ശിക പിരിഞ്ഞു കിട്ടാനുണ്ട്  വ്യവസ്ഥകള്‍ക്കു വിരുദ്ധമായി തോട്ടമുടമകള്‍ തോട്ടങ്ങള്‍ കൈമാറിയിരിക്കുന്നു. തുണ്ടുതുണ്ടായി വിറ്റിരിക്കുന്നു. തുച്ഛമായ പാട്ടത്തിനു ലഭിച്ച  ഭൂമി  വന്‍പാട്ടത്തിനു തുണ്ടം തുണ്ടമായി നല്‍കിയിരിക്കുന്നു. ടാറ്റയും, ഹരിസണ്‍ മലയാളത്തിനന്‍‌റെ ഇപ്പൊഴത്തെ ഉടമയായ ഗോയങ്കയും തൊട്ട്   സേവി മനോമാത്യൂ വരെയുള്ളവര്‍ ടൂറിസത്തിനും മറ്റുമായി ഭീമമായ തുകക്കു പാട്ടഭുമി  വിറ്റിരിക്കുന്നു. തോട്ടം നിയമങ്ങള്‍  ലംഘിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ വെട്ടിക്കുറക്കുകയും ആയിരക്കണക്കിനുപേരെ പിരിച്ചുവിടുകയും തോട്ടങ്ങള്‍ തരിശിടുകയും ചെയ്തിരിക്കുന്നു.

       ഇങ്ങനെ പലവിധ കൈയേറ്റങ്ങള്‍ക്കും വിധേയമായ ഭൂമി എന്തു ചെയ്യുമെന്നു പറയാതെ ഭാവിയില്‍ പാട്ടം കൊടുക്കുമ്പോള്‍   പാലിക്കേണ്ട വ്യവസ്ഥകളെക്കുറിച്ച്  കഥ  പറയുക മാത്രമാണ്   ഈ കരടില്‍ ഇത്തരം കസര്‍ത്തുകളൊന്നും ഇല്ലതെ1996^01 കാലത്ത്  LDF മന്ത്രിസഭയിലെ റവന്യൂ മന്ത്രി ഇസ്മായേലും പിന്നീറ്ട് 2001^2006 കാലത്തെ UDF മന്ത്രിസഭയും കൊഴുപ്പിച്ച ഭൂമാഫിയകള്‍ക്കെതിരെ ഒരു നടപടിയും നിര്‍ദ്ദേശിക്കാത്ത കെ.പി രാജേന്ദ്രന്റെ ഈ കരട്, തന്റെ പൂര്‍വികരെയും അവര്‍വഴി പതിനായിരക്കണക്കിനേക്കര്‍ ഭൂമിയും ദശ കോടികളും കൈവശപ്പെടുത്തിയ മാഫിയകളെയും നിയമപരമായി രക്ഷിക്കാനുള്ള ഒരു സൂത്രമാണ് .      

  കേരളത്തിലെ ഭൂപരിഷ്കരണം.

1957-59  കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയിച്ച   മന്ത്രിസഭയുടെ കാലത്ത്   രൂപകല്‍പ്പന ചെയ്യപ്പെട്ടതും പിന്നീട് വന്ന കോണ്‍ഗ്രസ്സ് നയിച്ച മന്ത്രിസഭകളുടെ കാലത്ത് വെട്ടിമാറ്റിയും കൂട്ടിചേര്‍ത്തും  രൂപമാറ്റം സംഭവിച്ചതുമായ കേരളത്തിലെ ഭൂപരിഷ്കരണനിയമം അധ്:സ്ഥിതര്‍ക്ക്  10 സെന്‍‌റ് കുടികിടപ്പവകാശം ഉറപ്പാക്കിയതൊഴിച്ചാല്‍ “ലാന്‍‌റ് ടു ദി ടില്ലര്‍ “ അഥവാ മണ്ണില്‍ പണിയെടുക്കുന്നവന്  കൃഷിഭൂമിയുടെ അവകാശം നല്‍കിയില്ല .ജന്മിമാരും  അവരുടെ കാര്യസ്ഥന്മാരും മറ്റുമായിരുന്ന കുടിയാന്മാരും പുതിയ ഭൂപ്രഭുക്കളായപ്പോള്‍ ആദിവാസികള്‍ക്ക് ഭൂമി നഷ്ടപ്പെട്ടു. ആദിവാസികളും ദലിതരും ഉള്‍പ്പെടെ ദരിദ്ര ഭൂരഹിത കര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും കൃഷിഭൂമി ലഭിച്ചില്ല. തോട്ടങ്ങളെയും പല തോട്ടവിളകളെയും ഭൂപരിധിയില്‍നിന്നു ഒഴിവാക്കിയിരുന്നതിനാലും, വന്‍‌കിടക്കാര്‍ അനധികൃതമായി കൈവശപ്പെടുത്തിയിരുന്ന ലക്ഷകണക്കിനു ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമിക്കാതിരുന്നതിനാലും, നിയമത്തില്‍  വരുത്തിയ പല മാറ്റങ്ങള്‍ മൂലവും , ഭൂരഹിതര്‍ക്ക്  വിതരണം ചെയ്യുമെന്നു പ്രഖ്യാപിക്കപ്പെട്ട മിച്ചഭൂമിയുടെ വിസ്താരം കുറഞ്ഞുവന്നു. ഉണ്ടെന്ന് പ്രസ്താവിച്ച  മിച്ചഭൂമിയുടെ ഭൂരിഭാഗം വിതരണം ചെയ്യപ്പെട്ടുമില്ല. ഫലത്തില്‍ കേരളത്തിലെ ഭൂനിയമവും ഇതര സംസ്ഥാനങ്ങളിലെ പോലെയായി. റിയല്‍ എസ്റ്റേറ്റ് വികാസത്തോടെ ഇവിടെയും  ഏകദേശം 60% ഭൂമി 10% സമ്പന്നരുടെ കൈലായിരിക്കുന്നു. ഈ ഭൂകേന്ദ്രീകരണം വര്‍ദ്ധിച്ചുവരികയുമാണ് ‘ഒന്നാം ഹരിത  വിപ്ലവം ‘കൃഷിയുടെ സാമൂഹികത നശിപ്പിച്ച് അതിനെ വ്യവസായമായി മാറ്റാന്‍ തുടങ്ങിയെങ്കില്‍ ഇപ്പോള്‍ “ഇന്തോ അമേരിക്കന്‍ നോളഡ്ജ് ഇനീഷ്യേറ്റീവ് ഓണ്‍ അഗ്രികള്‍ച്ചര്‍’ എന്ന കാര്‍ഷിക സഹകരണ കരാറിലൂടെ M.S. സ്വാമിനാഥന്‍ പോലുള്ള സാമ്രാജ്യത്വ ദല്ലാളന്‍‌മാരെ മുന്നില്‍ നിറുത്തി പ്ലാനിടുന്ന ‘രണ്ടാം ഹരിതവിപ്ലവം’കാര്‍ഷിക രംഗത്തേക്കും ,കാര്‍ഷികോല്‍പ്പന്നങ്ങളുടെ സമാഹരണത്തിലേക്കും ,റീട്ടെയില്‍ വ്യാപാരത്തിലേക്കും വരെ വിദേശ നാടന്‍ കുത്തകകളുടെ വന്‍ കടന്നുവരവും കൃഷിഭൂമിയില്‍നിന്നു മാത്രമല്ല കാര്‍ഷികമേഖലയില്‍നിന്നു വരെ ബഹുഭൂരിപക്ഷത്തെ ആട്ടിയോടിച്ചുകൊണ്ടിരിക്കുന്നു.

  ഇതോടൊപ്പം ഈ മൂലധനശക്തികളും റിയല്‍ എസ്റ്റേറ്റ് മാഫിയകളും മറ്റും കൃഷി വെറും വിനിമയ വസ്തുവാക്കി   മാറ്റുന്നു . അവര്‍ക്കു കൃഷിയില്‍ ലവലേശം  തല്‍പ്പര്യം ഇല്ലാത്തതിനാലാണ്  നെല്‍‌വയലുകളുടെ വിസ്താരം നാലിലൊന്നായി ചുരുങ്ങിയതും തരിശിട്ടിരിക്കുന്ന, അല്ലെങ്കില്‍ നാമമാത്രം കൃഷിമാത്രം നടക്കുന്ന ഭൂമിയുടെ  വിസ്താരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും.  ഇതിന്‍‌റെ ഒരു സാമൂഹികവശം ഭക്ഷ്യധാന്യങ്ങളുടെയും പച്ചക്കറികളുടെയും മറ്റും 75% വെളിയില്‍നിന്ന് വരേണ്ട ആശ്രിതപ്രദേശമായി സംസ്ഥാനം മാ‍റി എന്നതാണ് . രണ്ടാമത്തെ വശം ആദിവാസികളും ദലിതരും ഉള്‍പ്പെടെ അധ്:സ്ഥിതര്‍  സെറ്റില്‍മെന്‍‌റ്  കോളനികളിലേക്കും ലക്ഷംവീടുകളിലേക്കും , പരമ്പരാഗത തൊഴിലുകളില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ടു എന്നതാണ് . ഒന്നുമുതല്‍ അഞ്ചുവരെ സെന്‍‌റുകളിലാണ് ജനസംഖ്യയുടെ 50% വരുന്ന   ഈ അധ:സ്ഥിതര്‍ കഴിയുന്നത് . പലപ്പോഴും രണ്ടുസെന്‍‌റിലെ കുടിലില്‍ മൂന്നു കുടുംബങ്ങള്‍ വരെ കഴിയുന്ന അവസ്ഥ ഇതിന്‍‌റെ മൂന്നാമത്തെ വശം,  ഈ മാറ്റം സൃഷ്ടിക്കുന്ന ഭീഷണമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് .

  മാറി മാറി വരുന്ന  സര്‍ക്കാരുകള്‍ ഈ പ്രശ്നങ്ങള്‍ ചര്‍ച്ച  ചെയ്യാന്‍ പോലും തയ്യാറായിരുന്നില്ല. ഈ യഥാര്‍ത്ഥ  പ്രശ്നങ്ങളില്‍നിന്നു എത്ര അകലെയാണ് ഈ LDFസര്‍ക്കാരും  എന്ന് തെളിയിക്കുന്നതാണ് പുതിയ കരട് ഭൂനയം.

    മേല്പറഞ്ഞ മാറ്റങ്ങള്‍ക്ക് വേഗത  അത്യന്തം വര്‍ധിപ്പിക്കുന്ന തരത്തിലാണ്  സാമ്രാജ്യത്വ ആഗോളീകാരണത്തിന്‍‌റെ അടിസ്ഥാനത്തില്‍ പുത്തന്‍ അധിനിവേശ വല്‍ക്കരണം നടപ്പാക്കികൊണ്ടിരിക്കുന്നത് . കാര്‍ഷികവിപ്ലവത്തിന്‍‌റെ കടമകള്‍ പൂര്‍തീകരിച്ച് ജനകീയജനാധിപത്യത്തിലേക്കു മുന്നേറുന്നതിന്  നിലവിലുള്ള ഭരണഘടനക്കുള്ളില്‍  പരിമിതികളുണ്ട്  എന്നത് വസ്തുതയാണ് . എന്നല്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി  പാര്‍ലിമെന്‍‌റ്രി വ്യവസ്ഥയുടെ ഭാഗമായ പ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെടേണ്ടത് അതുനല്‍കുന്ന  സന്ദര്‍ഭങ്ങള്‍ ഉപയോഗിച്ച് വര്‍ഗസമരത്തെ വികസിപ്പിക്കാനും ജനകീയ ജനാധിപത്യ വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനും വേണ്ടി ആയിരിക്കണമല്ലോ?

   അങ്ങനെയാണെങ്കില്‍ അടിയന്തിരമായി വേണ്ടത് പാട്ടവ്യവസ്ഥകള്‍ ലംഘിച്ച  തോട്ടങ്ങള്‍ മുഴുവന്‍ ദേശസാല്‍ക്കരിക്കുക; പൂട്ടിയിട്ടിരിക്കുന്ന തോട്ടങ്ങളും കൈമാറ്റം ചെയ്ത തോട്ടങ്ങളും തുണ്ട് തുണ്ടായി വിറ്റ് തോട്ടങ്ങളും ഉടന്‍  ഏറ്റെടുക്കുക ; അംഗീകൃത ട്രേഡ് യൂണിയന്‍ വ്യവസ്ഥകള്‍ അനുസരിച്ച് വേണ്ടത്ര തൊഴിലാളികളെ നിയോഗിച്ച് അവ പ്രവര്‍ത്തിപ്പിക്കുക;  തോട്ടങ്ങളിലെ തരിശുകിടക്കുന്ന ഭൂമിയും തോട്ടം മുതലളിമാര്‍  അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയും വനനശീകരണം മൂലം തരിശായ ഭൂമിയും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമികളും മിച്ചഭൂമിയും ഭൂരഹിതര്‍ക്കും   കര്‍ഷകത്തൊഴിലാളികള്‍ക്കും ഒരേക്കര്‍ വെച്ചെങ്കിലും വിതരണം ചെയ്ത് കൃഷിക്കാവശ്യമായ  സഹായങ്ങള്‍ ചെയ്യുക; ഇന്ന്  പതിനായിരകണക്കിന്  കുടുംബങ്ങള്‍ പാട്ടത്തിന്  എടുത്ത് കൃഷി ചെയ്ത് ജീവിക്കുന്ന ഭൂമി  അവര്‍ക്ക് കൈമാറ്റം ചെയ്യുക ; തരിശിട്ടിരിക്കുന്ന മുഴുവന്‍ നെല്‍‌വയലുകളും ഏറ്റെടുത്ത് ഭൂരഹിതര്‍ക്കു വിതരണം ചെയ്ത്  കൃഷിചെയ്യുന്നതിനാവസ്യമായ സഹായങ്ങള്‍ ചെയ്യുക.  ഇപ്പോള്‍  ലഭ്യമായ കൃഷിഭൂമിപോലും ഇല്ലാതാക്കുന്ന ‘സെസു’ കളും പ്രത്യേക ടൂറിസം മേഖലകളും പോലുള്ള പദ്ധതികള്‍ ഉപേക്ഷിക്കുക. ഭൂമാഫിയ  വ്യാപകമായി കൈവശപ്പെടുത്തിയിട്ടുള്ള  ഭൂമി കണ്ടുകെട്ടി  ഭൂരഹിതര്‍ക്കു വതരണം ചെയ്യുക എന്നിവയില്‍നിന് തുടങ്ങുന്ന നടപടികളാണ്  . ഇവയിലൂടെ  ഭൂപരിധി ,അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് അധ്വാനിച്ചു ജീവിക്കാന്‍ വേണ്ട  ഭൂമിയായി നിജപ്പെടുത്തുക .കൃഷിയെ ആശ്രയിച്ച് ജീവിക്കാത്ത കുടുംബങ്ങള്‍ക്കു വീടും തൊഴില്‍ സ്ഥാപനവും നിര്‍മ്മിക്കുന്നതിന്   വേണ്ടത് മാത്രമായി ഭൂപരിധി  നിര്‍ണ്ണയിക്കുക  . എന്നിവയില്‍നിന്ന്  തുടങ്ങി ലഭ്യമായ മുഴുവന്‍ കൃഷിഭൂമിയുടെ ; നാണ്യവിളകൃഷി ചെയ്യുന്നതുളപ്പെടെ , മണ്ണില്‍ അധ്വാനിക്കുന്ന, കാര്‍ഷികവൃത്തിയില്‍ താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്കു വിതരണം ചെയ്യുന്ന, കാര്‍ഷികോല്‍പ്പാദനത്തില്‍ കുതിച്ചുചാട്ടം ഉണ്ടാക്കുന്ന കാര്‍ഷികവിപ്ലവപരിപാടി ലക്ഷ്യം വെച്ച് ബഹുപൂരിപക്ഷം വരുന്ന ദരിദ്ര-ഭൂരഹിത കര്‍ഷകരെയും കര്‍ഷകതൊഴിലാളികളെയും സഘടിപ്പിക്കാന്‍ കഴിയണം .

  1957-1959 കാലത്ത്തുടങ്ങിവെച്ച  ഭൂപരിഷ്കരണത്തിന്‍റെ പരാജയം അത് സാമ്രാജ്യത്വ  ഏജന്‍സികള്‍ നിര്‍ദ്ദേശിച്ച്, മുകളില്‍ നിന്നു അടിചേല്‍പ്പിക്കുന്ന  , പുത്തന്‍ ഭൂവുടമകളെ സൃഷ്ടിക്കുന്ന  പുത്തന്‍ അധിനിവേശത്തിന്‍റെ ഭാഗമായ ഒരു പരിഷ്കരണം എന്നതിനപ്പുറത്തേക്കു പോയില്ല എന്നതാണ് . കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവരിലേക്കു എത്തിച്ചതുമില്ല. ഈ  അടിസ്ഥനപ്രശ്നത്തെ അഭിമുഖീകരിക്കാതെ നിലവിലുള്ള ഭൂപരിഷ്കരണ  നിയമങ്ങളെ രക്ഷിക്കാനാണെന്നു അവകാശപെട്ടുകൊണ്ട് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന  കരട് ഭൂനയം കാര്‍ഷികമേഖലയുടെ പുത്തന്‍ അധിനിവേശവത്ക്കരണത്തില്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ മാത്രമാണ്  ഭൂമിക്ക് വേണ്ടി അധ:സ്ഥിതര്‍ ആരംഭിച്ചിട്ടുള്ള  സമരങ്ങളെ വഴിതെറ്റിക്കുന്നതിനും പുത്തന്‍ വ്യമോഹങ്ങള്‍ സൃഷ്ടിച്ച് ഭൂരഹിതരുടെ ഭൂസമരത്തെ അടിച്ചമര്‍ത്താനും വേണ്ടിയാണ് ഈ കരട്.  ഇതിനെ തുറന്നു കാട്ടി ഭൂമിക്ക് വേണ്ടിയുള്ള സമരം ശ്ക്തിപ്പെടുത്തുക മാത്രമാണ് ഭൂരഹിത കര്‍ഷകരുടെ മുന്നിലുള്ളഏകപോംവഴി.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )