CPI(M) ബുദ്ധിജീവികളുടെ ദുര്യോഗം

“ വാസ്തവത്തില്‍ മുതലാളിത്ത പാതയിലേക്കുള്ള് സിപിഐ(എം) പരിവര്‍ത്തനത്തിന്റെ ഒരു ഘട്ടത്തെ കുറിക്കുന്ന  19 -ആം കോണ്‍ഗ്രസ്സിന്റെ പശ്ചാത്തലത്തില്‍  പട്നായിക് തയ്യാറാക്കിയിട്ടുള്ള ലേഖനം  ഒരു മാര്‍ക്സിസ്റ്റ് ചിന്തകനെന്ന നിലയില്‍ ആ പാര്‍ട്ടിക്കകത്ത് തുടരാനുള്ള  അദ്ദേഹത്തിന്റെ‘പരിമിതി‘കളിലേക്ക് വെളിച്ചം വീശുന്നു.“800px-prabhat_patnaik.jpg                                              പി.ജെ.ജെയിംസ്

ബുദ്ധിജീവികളും ഇടതു പക്ഷവും” എന്ന തലക്കെട്ടില്‍  ജനുവരി 21,22 തിയ്യതികളില്‍ ,പ്രമുഖ മാര്‍ക്സിസ്റ്റ് സാമ്പത്തിക വിദഗ്ദനും കേരള ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനുമായ പ്രഭാത് പട്നായ്കിന്റെ പേരില്‍ ‘ദേശാഭിമാനി’ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തോടുള്ള പ്രതികരണമാണ് ഈ കുറിപ്പ് .

 പശ്ചിമബംഗാളിലെ ബുദ്ധദേവ് സര്‍ക്കാര്‍  നടത്തിയ നന്ദിഗ്രാം  കൂട്ടക്കൊലയെ വിമര്‍ശിച്ചുകൊണ്ട് ബംഗാളിലെയും ഇന്ത്യയിലാകെയുമുള്ള ഇടതുപക്ഷ ചിന്തകരും ബുദ്ധിജീവികളും  ശക്തമായി രംഗത്തുവരികയുണ്ടായി ഇവരില്‍ പലരും  കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സി.പി.ഐ (എം) ന്റെ അംഗങ്ങളോ സഹയാത്രികരോ ആയിരുന്നവരായിരുന്നു. അവരില്‍ പലരും  പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പല സന്ദര്‍ഭങ്ങളിലായി സമ്മാനിച്ച അവാര്‍ഡുകള്‍ തങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായി തിരിച്ചുനല്‍കുകയും ഔദ്യോഗിക കമ്മിറ്റികളിലുള്ള  തങളുടെ അംഗത്വം  രാജിവെക്കുകയും ചെയ്യുകയുണ്ടായി . ഒരു വേള നക്സല്‍ ബാരി കര്‍ഷക മുന്നേറ്റകാലത്തുപോലും  ദൃശ്യമാകാത്ത തരത്തില്‍ ഇന്ത്യയിലെമ്പാടുമുള്ള  ഇടതുപക്ഷ ബുദ്ധിജീവികള്‍   സി.പി.ഐ.(എം) നെ അതിനിശിതമായി വിമര്‍ശിച്ച സന്ദര്‍ഭങ്ങളായിരുന്നു,  നന്ദിഗ്രാമില്‍  സി.പി.ഐ.(എം) നേതൃത്വത്തില്‍ നടന്ന കൂട്ടക്കൊലയും പിന്നീട് നന്ദിഗ്രാം തിരിച്ചുപിടിക്കാനെന്ന പേരില്‍ അവിടെ നടത്തിയ കടന്നാക്രമണവും . ചുരുക്കത്തില്‍  ഇതെല്ലാമായി ബന്ധപ്പെട്ട്  ഇന്ത്യയിലെ ഇടത് ബുദ്ധിജീവികള്‍  തയ്യാറാക്കിയ  പ്രതിഷേധകുറിപ്പില്‍  ഒപ്പുവെക്കാത്ത അപൂര്‍വ്വം ചിലരില്‍ ഒരാളാണ്  പട്നായിക്. സി.പി.ഐ.(എം) ബുദ്ധിജീവികളെ അടക്കം   വിമര്‍ശിക്കുന്ന പട്നായികിന്റെ ലേഖനം  ഏറെവൈകി പുറത്തുവന്നതും ലേഖനത്തിലുള്ള പൊരുത്തകേടുകളും  കടുത്ത സമ്മര്‍ദ്ദങ്ങളെ  തുടര്‍ന്നാണ് ലേഖനം എഴുതിയതെന്ന് വ്യക്തമാക്കുന്നുണ്ട്. 

               ഇതു പറയുമ്പോള്‍  സി.പി.ഐ(എം) ന്റെ 1964 ലെ പാര്‍ട്ടിപരിപാടിയുടെ അടിസ്ഥാനത്തില്‍  സാമ്പത്തിക നിലപാടുകള്‍ മുന്നോട്ട് വെക്കുന്ന ആളാണ് പട്നായിക് എന്നു കൂടി  തിരിച്ചറിയേണ്ടതുണ്ട്. ഏ.ഡി.ബി ലോകബാങ്ക് വായ്പ്പകളില്ലാതെ മുന്നോട്ട് പോകണമെന്ന അദ്ദേഹത്തിന്റെ അടുത്തകാലത്തെ നിലപാടുകള്‍,  വിദേശമൂലധനത്തെ സ്വാഗതം ചെയ്തുകൊണ്ട്  2000 ല്‍ സ്പെഷ്യല്‍ സമ്മേളനത്തില്‍ സി.പി.ഐ(എം) പരിപാടിയില്‍ വരുത്തിയിട്ടുള്ള ഭേദഗതികള്‍ക്കെതിരുമാണ് . എന്നാല്‍ മേല്‍ സൂചിപ്പിച്ച ദേശാഭിമാനി  ലേഖനം ,  പട്നായിക്  സി.പി.ഐ(എം) നേതൃത്വത്തെപോലെ  പ്രായോഗിക മായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്നതിന്റെ സൂചനയാണ് . സി.പി ഐ(എം) ന്റെ  19 ആം കോണ്‍ഗ്രസ്സ് കഴിയുന്നതോടെ മാര്‍ക്സിസ്റ്റ് സാമ്പത്തികശാസ്ത്രത്തിലുള്ള  തന്റെ പാണ്ഡിത്യത്തിനൊന്നും പാര്‍ട്ടിയില്‍ പ്രസക്തിയുണ്ടാവില്ലെന്ന് അദ്ദേഹത്തിന് ബോദ്ധ്യപെട്ടിട്ടുണ്ടാകണം

         നന്ദിഗ്രാമിലെ കൂട്ടക്കൊലയെ ചൊല്ലി ഇത്രയേറെ ബുദ്ധിജീവികള്‍ ഇത്ര പെട്ടെന്ന്  ഗവണ്മെന്റിനെതിരായി തിരിഞ്ഞതെന്തുകൊണ്ട്? എന്ന ചോദ്യത്തിന്  ഉത്തരമന്വേഷിക്കുന്ന രൂപത്തിലാണ് പട്നായിക് ലേഖനം തയ്യാറാക്കിയിട്ടുള്ളത്. പ്രധാനമായും പ്രതിഷേധിച്ചവര്‍ അനുവര്‍ത്തിച്ച രീതികളോടാണ് അദ്ദേഹത്തിന് വിയോജിപ്പ് . ബുദ്ധദേവ് ഭട്ടാചാര്യ തന്നെ തെറ്റുപറ്റിയെന്ന് സമ്മതിച്ച  സ്ഥിതിക്ക് സിപിഐ(എം) ഗവണ്മെന്റിനെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ സമീപിക്കരുതായിരുന്നു. നന്ദിഗ്രാമില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും സിപിഐ(എം ) ഗുണ്ടകളും  ഏറ്റവുമൊടുവില്‍ നടത്തിയ തിരിച്ചുപിടിക്കല്‍ സംഭവം ആശ നശിച്ചവരുടെ പ്രവര്‍ത്തിയായിരുന്നുവെ‍ന്നും  ആട്ടിയോടിക്കപ്പെട്ട  അഭയാര്‍ഥികളെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി നടത്തിയ അവസാനത്തെ ശ്രമമായിരുന്നുവെന്നും ‘ വിശദീകരിക്കുന്ന പട്നായിക്  ‘സൌഹൃദപരമായ വിമര്‍ശനത്തിലൂടെയും ,ലേഖനങ്ങള്‍ ,തുറന്ന കത്ത്, തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയും ‘ എതിര്‍പ്പ് പ്രകടിപ്പിക്കണമായിരുന്നുവെന്നും  ‘വ്യവസായ വല്‍ക്കരണത്തോട്  വിയോജിപ്പ്” ഉണ്ടായിരുന്നുവെങ്കില്‍  അത് കൂടുതല്‍ സൌമ്യമായി പ്രകടിപ്പിക്കണമായിരുന്നുവെന്നും  നിര്‍ദ്ദേശിക്കുന്നു. തിര്‍ച്ചയായും  സാമ്പത്തികകാര്യങ്ങളില്‍  താന്‍ നടത്തികൊണ്ടിരിക്കുന്നതുപോലുള്ള  അക്കാദമിക് വിമര്‍ശനത്തിനപ്പുറം   ആരും കടക്കരുതെന്നും  ബുദ്ധിജീവികളുടെ മണ്ഡലം പൂര്‍ണ്ണമായും അക്കാദമിക് ആയിരിക്കണമെന്നുമാണ്  പട്നായിക് ഇതിലൂടെ  സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് . ഇത്രയും കാലത്തെ   തന്റെ അക്കാദമിക് വിമര്‍ശനത്തിലൂടെ സിപിഐ(എം) നേതൃത്വം എന്തെങ്കിലും പാഠങ്ങള്‍ പഠിച്ചുവോ അഥവാ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയോ  എന്നതുകൂടി അദ്ദേഹം സൂചിപ്പിച്ചിരുന്നെങ്കില്‍ സഹായകമായിരുന്നേനെ.

         തുടര്‍ന്ന് , വിമര്‍ശകരായി രംഗത്ത് വന്നിട്ടുള്ള ബുദ്ധിജീവികളില്‍ പലരും  മുന്‍ സോഷ്യലിസ്റ്റ്കാരും നക്സലൈറ്റുകളും  എന്‍ ജി ഒ കളുമാണെന്ന്  സ്വതന്ത്ര ചിന്തകരുടെ ഗണത്തില്‍ പ്പെടുന്ന ഇവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഐ(എം) നെ വിമര്‍ശിക്കുന്നത് തികച്ചും സ്വഭാവികമാണെന്നും  പട്നായിക് സ്ഥാപിക്കുന്നു .  ആടിനെ പട്ടിയാക്കുന്ന  ഈ രീതി പുതിയതല്ലെങ്കിലും പട്‌നായിക് അടുത്തകാലത്ത് പ്രകടമാക്കിയ ചില അഭിപ്രായങ്ങളുടെ തന്നെ നിഷേധമാണ് ഈ പ്രസ്താവനയെന്നു കാണേണ്ടതുണ്ട്. ബഹുകക്ഷിജനാധിപത്യമടക്കം സ്വതന്ത്രമായ ചിന്തകളെ പ്രോത്സാഹിപ്പിക്കാതെ സോഷ്യലിസ്റ്റ് പരിവര്‍ത്തനം സാധ്യമല്ലെന്ന് ചൂണ്ടികാട്ടി  ഈയിടെ  ഇക്കണൊമിക് ആന്റ് പൊളിറ്റിക്കല്‍ വീക്‍ലിയില്‍  ഇദ്ദേഹം തന്നെ  എഴുതിയ(Re Envisioning Socials,EPN, Nov<3>2007 )ലേഖനത്തിലെ നിഗമനങ്ങള്‍ക്ക് കടകവിരുദ്ധമായാണ് നിരീക്ഷണമെന്ന് പറയേണ്ടിയിരിക്കുന്നു.

         ലെനിന്റെ കാലത്ത് ബോള്‍ഷെവിക് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി  ബ്രെസ്റ്റിലിറ്റോവ്സ്ക് ഉടമ്പടിക്കെതിരെ ബുക്കാറിന്റെ നേതൃത്വത്തിലുള്ള  “കൊമ്യൂണിസ്റ്റ്” എന്ന പത്രം നടത്തിയ  അതിനിശിതമായ വിമര്‍ശനങ്ങളെ  പരാമര്‍ശിച്ച് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ  പ്രാധാന്യത്തെ ഊന്നിപറയുന്ന പട്നായിക് നന്ദിഗ്രാം കൂട്ടക്കൊലക്കെതിരെ ബംഗാളിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ പ്രതികരിച്ചത് വലതുപക്ഷത്തിന്റെ അജണ്ടയാണെന്ന് പറയുന്നത് തികഞ്ഞ പൊരുത്തക്കേടാണെന്ന് ചൂണ്ടിക്കാട്ടേണ്ടതുണ്ട്.

നന്ദിഗ്രാം  വിമര്‍ശകര്‍ക്കെതിരായ അദ്ദേഹത്തിന്റെ ഏറ്റവും വലിയ തുരുപ്പ്ചീട്ട് ഒരു വേള ഏറെ കൌതുകകരമാണ് . ബിജെപി പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ ശക്തി കുറഞ്ഞതാണ്  വലത്പക്ഷത്തോട് ചേര്‍ന്നു നിന്നിരുന്ന ബുദ്ധിജീവികളെ  പരസ്യമായി ഗവണ്മെന്റിനെതിരെ രംഗത്തുവരാന്‍ പ്രേരിപ്പിച്ചതെന്ന്  അദ്ദേഹം വാദിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷമായി  യു.പി.എ  സര്‍ക്കാരിനെ താങ്ങിനിര്‍ത്തുക വഴി ഹിന്ദുത്വശക്തികള്‍  നേട്ടമാണോ കോട്ടമാണോ  ഉണ്ടാക്കിയതെന്ന വിവാദത്തിലേക്ക് കടക്കാതെ , ഗുജറാത്തിലും  ഹിമാചലിലും  അടക്കം  ബി.ജെ.പി വന്‍ ഭൂരിപക്ഷത്തോടെ  അധികാരത്തില്‍ വന്നിരിക്കുന്ന  പശ്ചാത്തലത്തിലാണ്  ഈ നിരീക്ഷണം നടത്തിയതെന്നതുതന്നെ  വിചിത്രമാണ് . ഇന്ത്യയില്‍  ബി.ജെ.പി. ‘പ്രഭൃതികള്‍ ദുര്‍ബലമായി’ എന്ന് പട്നയികിന്റെ  നിരീക്ഷണം അദ്ദേഹം ഈ ഭൂമിയിലെങ്ങുമല്ല മറ്റേതൊ സങ്കല്‍പ്പലോകത്താണെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് . സി.പി.ഐ(എം) നയിക്കുന്ന ഇടതുമുന്നണിയുടെ പ്രവര്‍ത്തന ഫലമായി മുഖ്യശത്രുവായ ബി.ജെ.പി ദുര്‍ബലമായി എന്നും അതുകൊണ്ടാണ്  ബുദ്ധിജീവികള്‍  നന്ദിഗ്രാമിനെ മറയാക്കി ബംഗാള്‍  ഗവണ്മെന്റിനെ എതിര്‍ക്കുന്നതെന്നും അല്ലാതെ അത്ര വലിയ കാര്യമൊന്നും നന്ദിഗ്രാമിലുണ്ടായിട്ടില്ലെന്നുമാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്.

            ലേഖനത്തിന്റെ രണ്ടാഭാഗം  മുഖ്യമായും  ബുദ്ധിജീവികളുടെ  അരാഷ്ട്രീയ വല്‍ക്കരണത്തിനും ധാര്‍മ്മിക നാട്യത്തിനുമെതിരാണ്  .  ഇതിന് ഉപോല്‍ബലകമായി  അദ്ദേഹം പറയുന്നു: ‘ഇന്നിപ്പോള്‍ സംഘടിത ഇടതുപക്ഷത്തിനെതിരായ  അണിനിരന്നീട്ടുള്ള  ബുദ്ധിജീവികളുടെ സമീപനത്തില്‍  പ്രകടമായി  കാണുന്നത് രാഷ്ട്രീയാനുഭവങ്ങളുടെ മേഖലയില്‍നിന്നും രക്ഷകന്റെതായ ധാര്‍മ്മിക നാട്യത്തിലേക്ക്  അവര്‍ പൂര്‍ണ്ണമായും പിന്‍‌വലിഞ്ഞിരിക്കുന്നുവെന്നാണ്’.  ഇതോടൊപ്പം  സാമ്രാജ്യത്വത്തിനെതിരായ സമരത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്ന സി.പി.ഐ(എം) നു നേരെ യാണ്  ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഈ പറഞ്ഞതില്‍ അവസാനത്തെ കാര്യം ഇപ്പോള്‍ മാലോകര്‍ക്കെല്ലാം അറിയാവുന്നതാണ്  .  മുതലാളിത്ത-സാമ്രാജ്യത്വവ്യവ്സ്ഥയും   ധനമൂലധനവുമാണ്  വികസനത്തിനുള്ള അവസാനത്തെ ബസ് എന്ന പരസ്യ പ്രസ്താവന ബസുവും ബുദ്ധദേവും  നടത്തുകയും  അതിന്റെ  പേരില്‍  ബസുവിന്  ഭാരതരത്നം നല്‍കണമെന്നുവരെ  ഇന്ത്യന്‍  ഭരണ വര്‍ഗ്ഗങ്ങളിലൊരു വിഭാഗം ആവശ്യപ്പെടുകയും ചെയ്ത  പശ്ചാത്തലത്തിലാണ്  പട്നായിക്‍  അപഹാസ്യമായ ഈ പ്രസ്താവന നടത്തിയിരിക്കുന്നത് . സി.പി.ഐ(എം)ന് സാമ്രാജ്യത്വ വിരുദ്ധ നിലപാടില്ലെന്നുമാത്രമല്ല  സാമ്രാജ്യത്വാശ്രിത ‘വികസനത്തിന്റെ’ ഒന്നാം നമ്പര്‍ വക്താക്കളുമായി അതിന്റെ നേതൃത്വം  മാറുകയും ചെയ്തിരിക്കുന്നുവെന്നും അതിന്റെ പേരില്‍  സാമ്രാജ്യത്വ കേന്ദ്രങ്ങളുടെ പ്രശംസ പശ്ചിമബംഗാളിനേയും കേരളത്തെയും  തേടിയെത്തുകയുമാണെന്ന്  ഏവര്‍ക്കുമറിയാം. സാമ്രാജ്യത്വത്തിന്റെ  പങ്കാളിത്ത വികസനപദ്ധതിയായ ജനകീയാസൂത്രണം ആവിഷ്കരിച്ചതിന് കേരളത്തിലെ സി.പി.ഐ(എം) നേതൃത്വത്തെ ലോകബാങ്ക് ശ്ലാഘിച്ചത് ഈ ദിവസങ്ങളിലായിരുന്നു.

  സി.പി.ഐ(എം) നെതിരായ കലാപം രാഷ്ട്രീയത്തിനെതിരായ കലാപമാണെന്നും  ഇടത്തരക്കാരുടെ രാഷ്ട്രീയത്തോടുള്ള   അവജ്ഞയാണ് നന്ദിഗ്രാം വിമര്‍ശകരായ ബുദ്ധിജീവികള്‍ പ്രകടിപ്പിക്കുന്നതെന്നും ഉള്ള പട്നായിക്‍ന്റെ പ്രസ്താവന ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് .തൊഴിലാളിവര്‍ഗ്ഗ നിലപാടുകള്‍  കയ്യൊഴിച്ച്  പൂര്‍ണ്ണമായും മധ്യവര്‍ഗത്തിലൂന്നിനിന്നുകൊണ്ട് വിമര്‍ശനമടക്കം എല്ലാ നിര്‍ണ്ണായക വിഷയങ്ങളിലും  അരാഷ്ട്രീയവാദം പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സി.പി.ഐ(എം) നെതിരെ ഇന്ന് വ്യാപകമായി ഉന്നയിക്കപെടുന്ന ഈ വിമര്‍ശനം  തിരിച്ചുവെക്കുക മാത്രമാണ് അദ്ദേഹം ഇതു വഴി ചെയ്യുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം  കല്യാശ്ശേരിയും  ജനകീയാസൂത്രണവും മുതല്‍ മാരാരിക്കുളം  മോഡല്‍ വരെ നീണ്ടുകിടക്കുന്ന മാര്‍ക്സിസ്റ്റാനന്തര പ്രയോഗങ്ങളിലൂടെ  അരാഷ്ട്രീയവാദപരവും വര്‍‌ഗ്ഗേതരവുമായ പ്രയോഗങ്ങളുടെ പ്രയോക്താക്കാള്‍ സി.പി.ഐ(എം) നേതൃത്വവും അതിന്റെ ബുദ്ധിജീവികളുമാണ് . കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി  പ്രത്യേകിച്ചും  90 കള്‍ മുതല്‍ സാമ്രാജ്യത്വ ആഗോളീകരണകാലത്ത് കേര‍ളത്തില്‍  അരാഷ്ട്രീയതയുടെയും  ജീര്‍ണ്ണതയുടെയും അഴിമതിയുടെയും  സ്രോതസ്സ് സി.പി.ഐ(എം) നേതൃത്വം കൂടിയാണെന്ന് വീണ്ടും വീണ്ടും വ്യക്തമായികൊണ്ടിരിക്കെ , പട്നായിക്‍ പ്രയോഗിക്കുന്ന അരാഷ്ട്രീയവാദം  ഒരു കൂലിയെഴുത്തുകാരനായുള്ള അദ്ദേഹത്തിന്റെ അപചയത്തെയാണ് സൂചിപ്പിക്കുന്നത്  അതോടോപ്പം അഴിഞ്ഞു വീഴുന്നത്  അദ്ദേഹത്തിന്റെ ഇടതുപക്ഷ മുഖം മൂടി കൂടിയാണ് .

നന്ദിഗ്രാം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍  ഇന്ത്യയിലെ  ‘ജനങ്ങളുടെ ക്യാമ്പിന്റെ ഐക്യത്തെ തകര്‍ക്കരുതെ’ന്ന പേരില്‍ നോം ചോസ്കിയുടെതായി ഹിന്ദു പത്രത്തിലും  ദേശാഭിമാനിയിലും  അച്ചടിച്ച്‌വന്ന അഭിപ്രായങ്ങള്‍  സി.പി.ഐ(എം) നുള്ള  നല്ല സര്‍ട്ടിഫിക്കറ്റായി ഉയര്‍ത്തികാട്ടിയാണ് പട്നായികിന്റെ ലേഖനം അവസാനിക്കുന്നത്  നന്ദിഗ്രാമിനെ സംബന്ധിച്ചും  സിപിഐ(എം)  നെ സംബന്ധിച്ചുമെല്ലാം  കൈമാറികിട്ടിയ അറിവുകള്‍ മാത്രമുള്ള  നോം ചോസ്കിയുടെയും മറ്റും പ്രസ്താവന  സി.പി.ഐ(എം)ന് നാണം മറക്കാനുള്ള അവസാനത്തെ തുണിക്ക്ഷണമായി ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍  അതുപയോഗപ്പെടുത്താന്‍  പട്നായിക്‍ തുനിഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ.

              വാസ്തവത്തില്‍  മുതലാളിത്ത പാതയിലേക്കുള്ള സി.പി.ഐ(എം) പരിവര്‍ത്തനത്തിന്റെ  ഒരു ഘട്ടത്തെ കുറിക്കുന്ന 19 ആം കോണ്‍ഗ്രസ്സിന്റെ പശ്ചാത്തലത്തില്‍  പട്നായിക്‍ തയ്യാറാക്കിയിട്ടുള്ള ലഖനം  ഒരു മാര്‍ക്സിസ്റ്റ് ചിന്തകനെന്ന നിലയില്‍  ആ പാര്‍ട്ടിക്കകത്ത് തുടരാനുള്ള അദ്ദേഹത്തിന്റെ ‘പരിമിതികളിലേക്ക് ‘ വെളിച്ചം വീശുന്നതാണ് .  സി.പി.ഐ(എം)  ഇന്നെത്തിനില്‍ക്കുന്ന  ജീര്‍ണ്ണതയുടെ സാഹചര്യത്തില്‍  അതില്‍നിന്ന് പുറത്തുവരാതെ  അതിനകത്തു തന്നെ ഒതുങ്ങികൂടാന്‍  വിധിക്കപ്പെട്ട ബുദ്ധിജീവികളുടെ  ദുരന്തമോ ദുര്യോഗമോ ആയി പട്നായിക്‍ന്റെ  ദേശാഭിമാനിയിലെ ലേഖനം  വിലയിരുത്തപ്പെടുന്നതാവും ശരി.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )