കാളകളും കരടികളും

451px-bombay-stock-exchange.jpg       ഓഹരി വിപണിയിലെ ഏറ്റിറക്കങ്ങള്‍.

                                 പി.ജെ.ജെയിസ്.         

                  2008 ജനുവരി 10 നു 21206 ലെത്തി നിന്ന മുംബൈ ഓഹരി   വിപണി സൂചികയായ  സെന്‍സെക്സ്   ജനുവരി 22 നു 16756 ലേക്ക് ഇടിഞ്ഞതടക്കം  ഇന്ത്യന്‍   ഓഹരി വിപണിയിലുണ്ടായ  തകര്‍ച്ച   ഏകദേശം   15  ലക്ഷം കോടി  രൂപയുടേ  നഷ്ടം  നിക്ഷേപകര്‍ക്ക്  വരുത്തിവെച്ചുവെന്നാണ് കണ‍ക്കാക്കപെടുന്നത്  ഓഹരിമൂല്യം  ഏറ്റവുമുയര്‍ന്നു  നിന്ന   ഘട്ടത്തില്‍   അവ  ദ്രുതഗതിയില്‍  വിറ്റഴിച്ച് വന്‍ ലാഭം  കൊയ്തെടുക്കാന്‍ വിദേശ ചൂതാട്ടകുത്തകകള്‍  നടത്തിയ  അനിയന്ത്രിതമായ നീക്കമാണ് , ചെറുകിടക്കാരായ  എണ്ണമറ്റ ആഭ്യന്തരനിക്ഷേപകര്‍ക്ക് കൊടിയ ദുരന്തം സമ്മാനിച്ച ഇപ്പോഴത്തെ  തകര്‍ച്ചക്ക് കാരണമെന്ന് പൊതുവെ അംഗീകരിക്കപെട്ടിരിക്കുന്നു.  കോര്‍പ്പറേറ്റ് കുത്തകകള്‍ വാരികൂട്ടുന്ന അതിഭീമമായ ലാഭത്തിന്റെയും  സമ്പദ്ഘടനയുടെ  കൊട്ടിഘോഷിക്കപെടുന്ന തിളക്കമാര്‍ന്ന  വളര്‍ച്ചയുടെയും പിന്‍ബലമെല്ലാം ഉണ്ടായിട്ടും , ഒരു ചീട്ടുകൊട്ടാരം പോലെ ഓഹരികമ്പോളം നിലം പൊത്തുന്നത് നോക്കിനില്‍ക്കാന്‍ മാത്രമെ  സാമ്പത്തിക വിദഗ്ദര്‍   കൂടിയായ   പ്രധാനമന്ത്രിയും  ധനമന്ത്രിയും  ആസൂത്രണബോര്‍ഡ്   ഉപാധ്യക്ഷനുമെല്ലാമടങ്ങുന്ന   നവ ഉദാരീകരണവാദികള്‍ക്ക് കഴിഞ്ഞുള്ളുവെന്നത്  നിസ്സാരമായി തള്ളികളയാനാവില്ല .

                 ബഹുപൂരിപക്ഷവും പാപ്പരീകരണത്തിനും  ദരിദ്രവത്ക്കരണത്തിനും  വിധേയമാകുന്നതിനിടയിലും ഊഹമൂലധനശക്തികള്‍  മാനംമുട്ടെ വളരുന്നത് ചൂണ്ടികാട്ടി സമ്പദ്ഘടനയുടെ കരുത്തിനെ സംബന്ധിച്ച് നിഗമനങ്ങളില്‍  എത്തുന്ന അക്കാദമിക്‍ സമ്പദ്ശാസ്ത്രത്തിന്റെ  ദൌര്‍ബല്യം ശരിക്കും വ്യക്തമാവുന്ന സന്ദര്‍ഭമാണിത് .  വാസ്തവത്തില്‍  രാജ്യത്തിനകത്തേക്ക് സര്‍വ്വതന്ത്ര സ്വതന്ത്രമായി  കടന്നുകയറുകയും യഥേഷ്ടം പുറത്തുപോവുകയും ചെയ്യുന്ന ധനമൂലധന പ്രവാഹം തന്നെയാണ്  കാര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതെന്നും അതിന്മേല്‍   സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ലെന്നും  വിണ്ടും വീണ്ടും ബോധ്യപെടുത്തിയ സംഭവവികാസമാണ്  ഇപ്പോഴത്തെ ഓഹരി വിപണിയിലെ തകര്‍ച്ച. ഇന്ത്യന്‍ ഓഹരി വിപണി  ഏറ്റവും  കുത്തനെയുള്ള  മുതലകൂപ്പ്  പ്രകടമാക്കിയ ദിവസങ്ങളില്‍  പുറത്തിറങ്ങാതിരുന്ന  ധനമന്ത്രി ഇതുമായി ബന്ധപെട്ടുകൊണ്ട് ബുഷ് ഭരണകൂടം ചില നവലിബറല്‍ നടപടികള്‍ കൈകൊള്ളുന്നതിന്റെ സൂചനകള്‍  ലഭ്യമായ സന്ദര്‍ഭത്തിലാണ് രംഗത്ത് പ്രത്യക്ഷപെട്ട് ചില  സാന്ത്വന വാക്കുകള്‍ പറഞ്ഞതെന്നുകൂടി  ഈ സാഹചര്യത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട് .

 ഇന്ത്യയില്‍  മുന്‍‌കാലത്തുണ്ടായ ഓഹരി തകര്‍ച്ചകളില്‍ നിന്നും ഇപ്പോഴത്തേതിനെ വേര്‍തിരിക്കുന്നത് , അത് ഏതാണ്ട് കൃത്യമായി  പ്രവചിക്കപെട്ടിരുന്നു എന്നതുകൊണ്ടുകൂടിയാണ് . ലോക സമ്പദ്ഘടന, വിശേഷിച്ച്  അമേരിക്കന്‍ സാമ്രാജ്യത്വം  നേരിടുന്ന സമാനതകളില്ലാത്ത   കടുത്ത്  സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍  ലോകമെങ്ങുമുള്ള  ഓഹരി വിപണികളില്‍  കരടികള്‍ ആധിപത്യമേര്‍പ്പെടുത്തുന്നതിന്റെ സൂചനകള്‍  നേരത്തെ പ്രകടമായിരുന്നു  . വരാന്‍ പോകുന്നത്  മുന്‍‌കൂട്ടി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടും ഫലപ്രദമായ ഒരു നടപടിയും കൈകൊള്ളാനാകാതെ ,  ധനമൂലധന പ്രവാഹത്തിന്റെ ഏറ്റിറക്കങ്ങള്‍ക്ക് സമ്പദ്ഘടനയെ  വിട്ടുകൊടുത്ത് മാളങ്ങളിലൊളിക്കുകയായിരുന്നു. ,ചിദംബരവും മറ്റും .

                    അവസാനം പലിശനിരക്കുകള്‍ കുറച്ചും  അമേരിക്കന്‍ ധനപ്രഭുക്കന്മാര്‍ക്കും കുത്തകകള്‍ക്കും പ്രചോദനമാകത്തക്കവിധം  1500 കോടി ഡോളറിന്റെ (ഏകദേശം ആറ് ല‍ക്ഷം കോടി രൂപ) നികുതിയിളവുകള്‍  പ്രഖ്യാപിച്ചും  പണിയെടുക്കുന്ന സാധാരണജനങ്ങളുടെ മേല്‍ അതിനു ആനുപാതികമായ    ഭാരങ്ങള്‍ അടിച്ചേല്‍പ്പിച്ചും ,  ജോര്‍ജ്ജ്ബുഷ് കൈകൊണ്ട നവയാഥാസ്ഥിതിക നടപടികളുടെ  ഓരം ചാരിയാണ് ഇന്ത്യാന്‍‍ ഓഹരികമ്പോളവും  കരടികളുടെ  പിടിയില്‍  നിന്നും  താല്‍ക്കാലികമായി  മോചിതമായിട്ടുള്ളത്.  

                  മുതലാളിത്ത     സാമ്രാജ്യത്വവ്യവസ്ഥയുടെ  വര്‍ത്തമാന ജീര്‍ണ്ണാവസ്ഥയില്‍ ധനമൂലധന കുത്തകകള്‍ക്ക്  ഏര്‍പ്പെടാവുന്ന ഒരേയൊരു ഏര്‍പ്പാട് ഓഹരി – നാണയ വിപണികളിലെ ഊഹപ്രവര്‍ത്തനങ്ങള്‍ മാത്രമായിരിക്കെ, പലിശയിടിച്ചതും നികുതി കുറച്ചതും ഓഹരി വിപണികളിലേക്കൊഴുകുന്ന പണത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്നും അവ ഒരിക്കല്‍ കൂടി കാളകളുടെ പിടിയിലാകുമെന്നും കരുതുന്നതിന്റെ അടിസ്ഥാനത്തിലാണ്  ഇത് . വന്‍‌തോതില്‍ ഓഹരികള്‍  വിറ്റഴിച്ച് ഇന്ത്യയില്‍നിന്ന് പാലായനം ചെയ്ത വിദേശസ്ഥാപക നിക്ഷേപകരെന്നറിയപ്പെടുന്ന    ചൂതാട്ട   കുത്തകകള്‍ വീണ്ടും ഓഹരി വാങ്ങി കടന്നുവരുന്നത് ഈ പശ്ചാത്തലത്തിലാണ് .

 എന്നാല്‍  ഈ പതിവ് ചികിത്സ കൊണ്ടൊന്നും പരിഹരിക്കാനാവാത്ത വിധം സമ്പദ്ഘടനയുടെ   അടിസ്ഥാന ഉല്‍പ്പാദനമേഖലകള്‍ അതീവദുര്‍ബലമാണെന്നും ഓഹരി വിപണികളിലെയും നാണയവിപണികളിലെയും  ഏറ്റിറക്കങ്ങള്‍ അതിന്റെ പ്രതിഫലനം മാത്രമാണെന്നും കാണേണ്ട്തുണ്ട്.   കുത്തകകളും ധനമൂലധനപ്രഭുക്കളും തടിച്ചുകൊഴുക്കുമ്പോള്‍,   അതിന്റെ വിപരീതാനുപാതത്തിലാണ്   അധ്വാനിക്കുന്ന   ബഹുജനങ്ങളുടെ ക്രയശേഷി തകര്‍ന്നുകൊണ്ടിരിക്കുന്നത് എന്നും ,   ഉല്‍പ്പാദനമേഖലകളെ അപേക്ഷിച്ച് ഊഹമേഖലകള്‍ വളരുന്നതുമായി ബന്ധപ്പെട്ട    വമ്പിച്ച തൊഴില്‍ രാഹിത്യമാണ്  കെട്ടിടങ്ങളും മറ്റും വിറ്റുപോകാത്തതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധിക്ക്  കാരണമെന്നും  അര്‍ത്ഥശാസ്ത്രത്തിന്റെ പ്രാഥമിക തത്വങ്ങള്‍ അറിയുന്നവര്‍ക്ക്  മനസ്സിലാക്കവുന്നതേയുള്ളൂ    .ഇതോടൊപ്പം ഇതര മുതലാളിത്ത സമ്പദ്ഘടനകളെ അപേക്ഷിച്ച് അമേരിക്ക   ഉല്‍പ്പാദനക്ഷമതയിലും    നാണയമായ    ഡോളറിന്റെ തകര്‍ച്ചയിലും  അധിഷ്ടിതമായി    രൂപപെട്ട്കഴിഞ്ഞ് ബജറ്റ് കമ്മിയും വ്യാപാര‍കമ്മിയും നീകുപോക്കുകളിലൂടെ പരിഹരിക്കാനാവാത്തവിധം പുതിയ മാനങ്ങള്‍ ആര്‍ജിചിരിക്കുകയാണ്

ഏല്ലാറ്റിനുമുപരി ആഗോളമൂലധന പ്രവാഹത്താല്‍ പൂര്‍ണ്ണമായും ഉദ്ഗ്ര്ഥിക്കപെട്ടുകഴിഞ്ഞ് ലോകസമ്പദ്ഘടനയില്‍ വ്യാപാരക്കമ്മിയിലൂടെയും നാണയമൂല്യതകര്‍ച്ചയിലൂടെയും അമേരിക്കകുണ്ടാകുന്ന നഷ്ടം വ്യാപാരമിച്ചത്തിന്റെയും  നാണയ മൂല്യവര്‍ദ്ധനവിന്റെയും രൂപത്തില്‍ ചൈന പോലുള്ള  മുതലാളിത്ത് സമ്പദ്ഘടനകളില്‍ പ്രതിഫലിക്കുന്നുണ്ട്. അതേപോലെ , ഡോളറിന്റെ സാമ്രാജ്യം ചുരുങ്ങുന്നതിന് അനുസൃതമായി യൂറോപ്പ്യന്‍ നാണയമായ യൂറോ പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്നുമുണ്ട്.

 ഈ കമ്പോള പ്രക്രിയക്ക് ഇന്ത്യന്‍ സമ്പദ്ഘടനയെ എറിഞ്ഞുകൊടുക്കുകയാണ് അഗോളീകരണം . അതിന്റെ തെളിവാണ് മുന്‍‌കാല്ത്തൊന്നും ഉണ്ടായിട്ടില്ലാത്തവിധം 1990 കളുടെ ആരംഭം മുതല്‍ ഇന്ത്യയില്‍  പ്രകടമായ  ഓഹരി വിപണികളിലെ  ഉയര്‍ച്ചയും  തകര്‍ച്ചയും . മുമ്പ് സൂചിപ്പിച്ചത്പോലെ , ലോക സമ്പദ്ഘടയിലെ, അതിലെ ഏറ്റവും വലിയ ഘടകമായ അമേരിക്കന്‍ സമ്പദ്ഘടനയിലെ പ്രവണതകളുടെ അടിസ്ഥാനത്തില്‍  അടുത്ത  നിമിഷം സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന് കൃത്യമായി അറിയാമായിരിന്നിട്ടുകൂടി ഒന്നും ചെയ്യാനാവാത്തവിധം കമ്പോളശക്തികള്‍ സാമ്പത്തിക നയരൂപവല്‍ക്കരണത്തില്‍  പിടിമുറുക്കിയിരിക്കുന്നു.. ഇന്ത്യന്‍ ഓഹരി വിപണികളിലേക്കുള്ള വിദേശ മൂലധനപ്രവാഹവും അതിന്റെ പാലായനവുമാണ്   യഥാക്രമം കാളകളുടെയും കരടികളുടെയും ആധിപത്യത്തിന്  കാരണമെന്ന് സുവ്യക്ത മായിട്ടും ദേശീയ താല്‍പ്പര്യത്തെ മുന്‍‌നിര്‍ത്തി  ഈ രംഗത്ത്  ഫലപ്രദമായ ഒരു നടപടിയും  കഴിഞ്ഞ ഒന്നര  ദശാബ്ദത്തിലേറെയായി രാജ്യം ഭരിക്കുന്ന ഒരു ഗവണ്‍‌മെന്റും  കൈകൊണ്ടിട്ടില്ലെന്ന് കാണേണ്ടതുണ്ട്.

                    നിലവിലുള്ള  സംവിധനങ്ങള്‍ ഉപയോഗപെടുത്തി ഊഹകച്ചവടത്തിന് വേണ്ടിമാത്രം രാജ്യത്തേക്ക് കടന്നുവരുന്ന  വിദേശ ഊഹകുത്തകകളേ നിയന്ത്രിക്കുന്നതിനോ, അവരുടെ ലാഭത്തിന്മേല്‍ ന്യായമായ   നികുതി ചുമത്തുന്നതിനൊ സര്‍ക്കാരുകള്‍ തയ്യാറാകാത്തത് സാമ്പത്തിക ശാസ്ത്രപരമായ്  കാരണങ്ങള്‍  കൊണ്ടല്ലെന്നു  വ്യക്തമാണ് . ഒഹരി  വിലകള്‍ കുത്തനെ ഉയരുന്നതിലൂടെ നിമിഷങ്ങള്‍ക്കുള്ളീള്‍  ശതകോടികള്‍ വാരികൂട്ടുന്ന  ഊഹമൂലധനശക്തികളെ നികുതിവിധേയമാക്കാനുള്ള ഒരു നീക്കവും ഗവണ്‍‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. . നാണയവിപണികക്ലിലെ ചൂതാട്ടത്തെ നിയന്ത്രിക്കാന്‍  ടോബിന്‍ ടാക്സ്   (പ്രസിദ്ധ അമേരിക്കന്‍ സാമ്പത്തിക വിദഗ്ദാനായ ജയിംസ് ടോബിന്‍ ആവിഷകരിച്ച നികുതി)    എന്ന പേരില്‍ ചില നികുതികള്‍ പല രാജ്യങ്ങളിലും നിലനില്‍ക്കുന്നുണ്ട്   ആ നിലക്കൊന്നു ഓഹരി വിപണികളിലെ ചൂതാട്ട പ്രവര്‍ത്തനങ്ങല്‍ക്കും  ബാധകമാക്കാവുന്നതേയുള്ളൂ.ഓഹരി ക്കമ്പോളത്തില്‍ ഇടപെടുന്നതോടൊപ്പം  സര്‍ക്കാരിന്റെ  നികുതി വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാക്കുന്നതിനും ഇത് സഹായിക്കും. എന്നാല്‍ ധനമൂലധന ശക്തികള്‍ക്കും കോര്‍പ്പറേറ്റ് കുത്തകകള്‍ക്കും നയരൂപവല്‍ക്കരണത്തിന്റെ മേലുള്ള ആധിപത്യം ഈ ദിശയിലുള്ള നാമമാത്രമായ ദേശീയ ഇടപെടല്‍ പോലും അസാധ്യമാകുന്നതാണെന്ന് വ്യക്തമാണ് . രണ്ടാഴ്ച്ചകാലം ഓഹരി വിപണി കരടികളുടെ പിടിയിലമര്‍ന്നിട്ടും ധനമത്രി രംഗത്തുനിന്ന്ന്‍ മാറിനീന്നതും ഇതിന്റെ ഭാഗമാണ് .

പി.ജെ.ജെയിംസ്

മാധ്യമം ദിനപത്രം  ഫെബ്രുവരി 3

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )