“രണ്ടാം ഹരിത വിപ്ലവവും ” ഇന്തോ-അമേരിക്കന്‍ കാര്‍ഷിക കരാറും.

20072008budgetsmall.jpgഇന്ന് അവതരിപ്പിക്കാന്‍ പോകുന്ന   പൊതുബജറ്റിന് മുന്നോടിയായി  ധനകാര്യമന്ത്രി പി. ചിദംബരം   മുന്നോട്ട് വെച്ച  സാമ്പത്തിക സര്‍വ്വെ   പ്രധാനമായും ഊന്നല്‍ നല്‍കുന്നത്  .സാമ്പത്തികമാന്ദ്യം പരിഹരിക്കാന്‍  “രണ്ടാം ഹരിത വിപ്ലവം ” ഉടന്‍ നടപ്പിലാക്കണമെന്നാണ് .  സാമ്പത്തിക സര്‍വ്വെയുടെ പേരില്‍  ഇപ്പോള്‍  അവതരിപ്പിക്കപെട്ട   ഈ നിര്‍ദ്ദേശം യഥാര്‍ത്ഥത്തില്‍  ഒന്നര വര്‍ഷം മുന്‍പ് ഒപ്പ് വെക്കപെട്ട ഒരു  നിഗൂഢമായ രാജ്യദ്രോഹകരാറിന്റെ   അവതരണമാണ് .

johanns_112106.jpgSecretary Johanns delivers regarding U.S. agricultural trade with India to the Federation of Chambers of Commerce and Industry (FICCI) during his November 2006 visit to India as FICCI President Saroj K. Poddar looks on.

ഈ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപെട്ട്  ഈ മാസം   18,19,20  തിയ്യതികളില്‍ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ വെച്ച്  ഒരു

അന്തര്‍ദേശീയ ശില്‍പ്പശാല സംഘടിപ്പിക്കപെട്ടു .  വിവിധ സംഘടനകളുടെ swaminathan.jpgഡോ.എം .എസ്. സ്വാമിനാഥന്‍

പ്രതിഷേധത്തിനിടെ  ഒട്ടൊക്കെ രഹസ്യമായി നടന്ന ഈ ശില്‍പ്പശാലയില്‍  അമെരിക്കയിലെ മിഷിഗണ്‍  സര്‍വ്വകലാശാലയിലെ  ഡോ.ഫ്രാങ്ക്ഫേര്‍, അമേരിക്കയിലെ വേള്‍ഡ് ടെക്‍നോള്‍ജി ആക്സസ്  പ്രോഗ്രാം ഡയറ്ക്ടര്‍ ഡോ. കെ. മരേഡിയ തുടങ്ങിയവര്‍ പങ്കെടുത്ത ഈ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തത്  കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ആര്‍. വിശ്വംഭരനാണ്    ഇന്ത്യയിലേയും ശ്രീലങ്കയിലെയും  വിവിധ കാര്‍ഷിക സര്‍വ്വകലാശാല  സ്വകര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള 75 പ്രതിനിധികള്‍ പങ്കെടുത്തു. സമാനമായ  9 ശില്‍പ്പശാലകള്‍ കൂടി ഈ വര്‍ഷം  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി  നടത്തുമത്രെ.   

                          2005 ജൂലൈ മാസം അമേരിക്കന്‍ പ്രസിഡന്റ്  ജോര്‍ജ്ജ്ബുഷുമായി മന്‍‌മോഹന്‍ സിംഗ് ഒപ്പുവെച്ച  ആണവകരാര്‍ ഇന്ത്യയുടെ സൈനികമേഖലയേയും  ആഭ്യന്തര സുരക്ഷിതത്വത്തെയും അമേരിക്കന്‍  സാമ്രാജ്യത്വത്തിന്  അടിയറവെക്കുന്നതാണെന്ന വസ്തുത പരക്കെ അംഗീകരിക്കപെട്ടിരിക്കുകയാണല്ലോ. ഈ ആണവ ഉടമ്പടിക്കൊപ്പം ബുഷു മായി ഒരു കാര്‍ഷിക സഹകരണ കരാറിലും മന്‍‌മോഹന്‍ ഒപ്പ് വെക്കുകയുണ്ടായി. ആണവ കാരാറിന്റെ കാര്യത്തിലെന്നപോലെ , ഇന്ത്യയുടെ കാര്‍ഷികമേഖലയെ അപ്പാടെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പുത്തന്‍ അധിനിവേശത്തിന് വിധേയമാക്കുന്ന രാജ്യദ്രോഹകരമായ ഒരു ഉടമ്പടിയാണിത്.

എന്നാല്‍ ഇതിന്റെ രാജ്യദ്രോഹകരമായ വിവക്ഷകള്‍ ഇന്ത്യയില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യുകയുണ്ടായില്ല . ജൈവ സാങ്കേതികവിദ്യയും ജനിതക എന്‍‌ജിനീയറിംഗും (Genetic Engineering) അടക്കമുള്ള പുത്തന്‍ കാര്‍ഷിക  സാങ്കേതികവിദ്യകളെ   ഉപയോഗപെടുത്തി , 65 കോടി ജനങ്ങള്‍ നേരിട്ട് നിത്യവൃത്തിക്കായി ആശ്രയിക്കുന്ന ഇന്ത്യയുടെ കാര്‍ഷികമേഖലയെ വരുതിയിലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ‘ഇന്ത്യ-യുഎസ്.നോളജ് ഇനിഷ്യേറ്റീവ് ഓണ്‍ അഗ്രികള്‍ച്ചര്‍’(India US Knowledge Initiative on Agriculture-AKI) എന്ന പേരില്‍ അറിയപെടുന്ന ഈ ഉടമ്പടി ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യകള്‍ ഇന്ത്യക്ക് കൈമാറുന്നു എന്ന വ്യാജേനയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇതിലൂടെ  1960 -കളില്‍ ആരംഭിച്ച ഒന്നാം ഹരിത വിപ്ലവത്തിന്റെ തുടര്‍ച്ചയായി ഇന്ത്യയില്‍ ഒരു ‘രണ്ടാം ഹരിത വിപ്ലവം’ ആവിഷ്കരിക്കാനാണ് അമേരിക്കന്‍ സാ‍മ്രാജ്യത്വം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

സ്വാഭാവികമായും ഒന്നാം ഹരിത വിപ്ലവത്തിന്റെ ഇന്ത്യന്‍ മസ്തിഷ്കമായി പ്രവര്‍ത്തിച്ച സ്വാമിനാഥനെ തന്നെയാണ്  ഈ രണ്ടാം ഹരിതവിപ്ലവത്തിന്റെയും നായകസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളതെന്നതും ഈ  സന്ദര്‍ഭത്തില്‍ ശ്രദ്ദേയമാണ് .

         ഇപ്രകാരം അമെരിക്കന്‍ ഫൈനാന്‍‌സ് മൂലധനത്തിന്റെ താല്‍പ്പര്യാര്‍ത്ഥം രൂപകല്‍പ്പന്‍ ചെയ്തിട്ടുള്ള ഈ ആഗോളീകരണ പദ്ധതിയെ ശരിയും ശാസ്ത്രീയവുമായി വിലയിരുത്താന്‍ 1960- കളില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടലുകളിലൂടെ ഇന്ത്യയില്‍ നടപ്പാക്കിയ ഒന്നാം ഹരിത് വിപ്ലവത്തെ സംബന്ധിച്ച ചിലകാര്യങ്ങള്‍ ചൂണ്ടി കാട്ടേണ്ടതുണ്ട്.  ഭൂബന്ധങ്ങളീല്‍ ‘കൃഷിഭൂമി കര്‍ഷകന് ’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തികൊണ്ട് ഇന്ത്യന്‍ ജനതക്കാവശ്യമായ ഭ്ക്ഷണവും  കോടാനുകോടി മനുഷ്യര്‍ക്ക് തൊഴിലും വ്യവസായിക അസംസ്കൃതപദാര്‍ത്ഥങ്ങളും മറ്റും ലഭ്യമാക്കുന്നതും  ഇതര മേഖലകളുമായി പാരസ്പര്യത്തില്‍ വര്‍ത്തിക്കുന്നതുമായ ഒന്നാക്കി കാര്‍ഷികമേഖലയെ പരിവര്‍ത്തിപ്പിക്കുക എന്ന പുരോഗമന ജനാധിപത്യ നീക്കത്തെ അട്ടിമറിക്കുന്നതിനാണ് ‘ ഹരിത വിപ്ലവം ’ എന്ന ആശയം അമേരിക്കന്‍ ചിന്താ സംഭരണികള്‍ ആവിഷ്കരിച്ചത്. ‘ ഹരിത വിപ്ലവം ’ നടപ്പാക്കാ‍ന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറായതിന്റെ ‘ പ്രത്യുപകാര’ മെന്നോണം അമേരിക്കയുടെ ആഗോള കമ്മ്യൂണിസ്റ്റ് വിരുദ്ധപദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട്  P.L-480 പ്രകാ‍രം വന്‍‌തോതില്‍ ഭക്ഷ്യധാന്യം  ഇറക്കുമതി ചെയ്യുന്നതിനും അമേരിക്ക തയ്യാറാവുകയുണ്ടായി. ഫോര്‍ഡ് ഫൌണ്ടേഷനെയും മറ്റും മുന്‍‌നിറുത്തി ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളീല്‍ ‘ കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് പ്രോഗ്രാം’ നടപ്പാക്കിയതും ഇതിന്റെ ഭാഗമയിരുന്നു. 1960 കളില്‍ വളം-കീടനാശിനി നിര്‍മ്മാണത്തിലേക്ക് തിരിയുകയായിരുന്ന അമേരിക്കന്‍ എണ്ണ കുത്തകകളുടെ താല്‍പ്പര്യങ്ങളും  റോക്ക് ഫെല്ലര്‍ ഫൌണ്ടേഷന്റെ  സസ്യശാസ്ത്രജ്ഞനും പിന്നീട് നോബല്‍ സമ്മാനജേതാവുമായ നോര്‍മ്മന്‍ ബാര്‍ലോറയെ പോലുള്ളവരുടെ സേവനവും കൂട്ടിയിണക്കി അത്യുല്‍പ്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ പുറത്തിറക്കിയ അമേരിക്കന്‍ വിത്തു കമ്പനികളുടെ കമ്പോളം വികസിപ്പിക്കുകയെന്നത്  ഒന്നാം ഹരിത വിപ്ലവത്തിന്റെ ഭാഗമായിരുന്നു. ഇതെല്ലാം അടക്കം വിവിധ താല്‍പ്പര്യങ്ങളെ കൂട്ടിയിണക്കി ഭൂബന്ധങ്ങളെ അതേപോലെ നിലനിര്‍ത്തി അത്യുല്‍പ്പാദന വിത്തിനങ്ങളും വളവും കീടനാശിനിയും വന്‍‌തോതില്‍ പ്രയോഗിച്ച് കൃഷിയില്‍ ഉല്‍പ്പാദന വര്‍ദ്ധനവ് നേടിയെടുക്കുകയായിരുന്നു ഹരിതവിപ്ലവത്തിന്റെ ലക്ഷ്യം ഇതിന്റെ വിജയത്തിനാവശ്യമായ വിധം ബാങ്ക് ദേശസാല്‍ക്കരണം പോലുള്ള വായ്പ്പാ സംവിധാനങ്ങളും കാര്‍ഷിക ഗ്വേഷണ സ്ഥാപനങ്ങളും കാര്‍ഷിക സര്‍വ്വകലാശാലകളും എല്ലാം അടങ്ങുന്ന സ്ഥാപനപരമായ (Institutional )  ചട്ടകൂടുകളും നിലവില്‍ വന്നു. ആത്യന്തികമായി ഇന്ത്യയിലെ  കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക്  പരിഷ്കരണപരമായ  ഇടപെടലുകളിലൂടെ  തടയിടാനുള്ള  ഈ ഭരണവര്‍ഗ്ഗ  പരിപാടിക്ക്  ഇടതുപക്ഷക്കാരെന്നവകാശപെടുന്ന  വിഭാഗങ്ങള്‍ പോലും  പിന്തുണക്കുകയുണ്ടായി .

 ഒന്നാം ഹരിത വിപ്ലവത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍  വളരെ  ഗുരുതരമായി ഇന്നും  തുടരുകയാണ്.  പരിസ്ഥിതിക്കും  മണ്ണിനും  ഇണങ്ങാത്തതും  വന്‍‌തോതില്‍  വളം കീടനാശിനി പ്രയോഗത്തില്‍  അധിഷ്ഠിതമായതുമായ ഹരിതവിപ്ലവം  വമ്പിച്ച പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമായി. ഭക്ഷ്യ വിള മേഖലയിലും നാണ്യവിളകൃഷിയിലും രാജ്യമാസകലം  ഇതു പ്രകടമാണ് .  അമേരിക്കന്‍  കാര്‍ഷിക വികസനവകുപ്പ് തയ്യാറാക്കിയ മണ്ണുഗവേഷണവും (soil taxonamy) സിഭവ വിവരശേഖരണവും  വിഭവഭൂപട നിര്‍മ്മാണവുമെല്ലാം  ഇന്ത്യയില്‍ വേരുറപ്പിക്കുന്നതിനും  ഇതുമായി ബന്ധപെട്ട  ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഒരു മാറ്റവുമില്ലാതെ  ഈ രീതികള്‍ പിന്തുടരുന്നതിനും  ഹരിതവിപ്ലവം  വഴിവെച്ചു.

പഞ്ചാബ്, ഹരയാന , യു.പി യുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍  ഗോതമ്പ് ഉദ്പ്പാദനരംഗത്ത് നാമമാത്രമായ  ചില വര്‍ദ്ധനവ് ഒഴിച്ചാല്‍  ഭക്ഷ്യ വിളകളുടെ  ഉല്‍പ്പാദന വര്‍ദ്ധനവില്‍  ഹരിതവിപ്ലവം  കാര്യമായ  ഒരു പങ്കും  വഹിക്കുകയുണ്ടായില്ല . എന്നാല്‍  ഈ പദ്ധതിയുടെ  ഏറ്റവും ഗുരുതരമായ പ്രത്യാഘാതം ഇന്ത്യയിലെ  കര്‍ഷക ജനത നൂറ്റാണ്ടുകളിലൂടെ  വികസിപ്പിച്ചെടുത്ത  വിത്തുകളടക്കമുള്ള മുഴുവന്‍ ജൈവവൈവിധ്യവും  അവര്‍ക്ക് നഷ്ടമായി എന്നത് തന്നെയാണ് .  സാമ്രാജ്യത്വ ഫണ്ടിംഗ് ഏജന്‍സികളായ റോക്ക്ഫെല്ലര്‍ -ഫോര്‍ഡ് ഫൌണ്ടേഷനുകളുടെ  ആഭിമുഖ്യത്തില്‍  മെക്സിക്കോയിiഉം  മനിലയിലും സ്ഥാപിതമായ  ജോതമ്പ് -നെല്ല്  ഗവേഷണ സ്ഥാപനങ്ങളുടെ  അനുബന്ധസ്ഥാപനങ്ങളെന്ന നിലയില്‍  ഇന്ത്യയില്‍  സ്ഥാപിതമായ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളിലൂടെയും  കാര്‍ഷിക സര്‍വ്വകലാശാലകളിലൂടെയും  ഈ രാജ്യത്തിന്റെ  തനത്  വിത്തിനങ്ങള്‍ ഇവിടത്തെ കര്‍ഷകരില്‍ നിന്ന് കവര്‍ന്നെടുക്കുകയും  അമേരിക്കന്‍  സാമ്രാജ്യത്വത്തിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തൂ. ഇന്ത്യയിലെ  ഏകദേശം  30,000 ത്തിലധികം നെല്‍‌വിത്തുകള്‍  ഈ ജൈവചൂഷണത്തിലൂടെ നഷ്റ്റമായെന്നാണ് ഏകദേശ കണക്ക് . ലോകബാങ്കും അമേരിക്കന്‍ നിയന്ത്രണത്തിലുള്ള അന്തരാഷ്ട്രകാര്‍ഷിക സ്ഥാപനങ്ങളും  നടപ്പാക്കിയ  കാര്‍ഷിക പദ്ധതികളിലൂടെ  ഉഷ്ണമേഖല  രാജ്യങ്ങളിലെ  വിത്തിനങ്ങളുടെ  93.5 % അവര്‍ക്ക് നഷ്ടമായെന്നും അമേരിക്കന്‍ നേതൃത്വത്തിലുള്ള  അന്താരാഷ്ട്ര ജീന്‍ ബാങ്കുകളില്‍  ജനിതകപ്ലാസമായി  അത് സമാഹരിക്കപെടുകയും  ചെയ്തുവെന്ന്  കണക്കാക്കപെടുന്നു. ഇന്ത്യയെ  സംബന്ധിച്ചിടത്തോളം  ഇവിടെ  നടപ്പാക്കിയ ഈ ഹരിത വിപ്ലവത്തിന്റെ  മസ്തിഷ്കമെന്നറിയപെടുന്ന  സസ്യശാസ്ത്ര്ജ്ഞനാണ്  സ്വാമിനാഥന്‍  1990 കള്‍  മുതലുള്ള് നവലിബറല്‍ ഘട്ടത്തില്‍  വ്യവസായ് മേഖലയെ ന്നപോലെ  കാര്‍ഷികമേഖലയെയും  സംരാജ്യത്വ ഫൈനാന്‍സ്   മൂലധന്റ്തിന്റെ  പൂര്‍ണ്ണ നിയന്ത്രണത്തിലാക്കാനുള്ള  ആസൂത്രിത നീക്കമാണ്  നടന്നുവരുന്നത് . ലോകവ്യാപാര സംഘടനയുടെ മുഖ്യ അജണ്ടകളിലൊന്നായി  അമേരിക്കന്‍- യൂറോപ്പ്യന്‍   കരുനീക്കങ്ങളുടെ   ഫലമായി  കൃഷിയെ  ഉള്‍പെടുത്തിയതും   ചരിത്രത്തിലാദ്യമായി  ബൌദ്ധികസ്വത്തുന്റെ മേല്‍   കുത്തക ഉറപ്പാക്കുന്ന നിയമങ്ങള്‍ ചെടിക്ലുടെയും മൃഗങ്ങളുടെയും  രംഗത്തേക്ക് കൂടി വ്യാപിപ്പിച്ചതും  ഇതിന്റെ ഭാഗമാണ് .  ലോകവ്യാപാര സംഘടനയുടെ  കാര്‍ഷികകരാറും  ട്രിപ്സ് വ്യവസ്ഥകളും  ഇതുമായി ബന്ധപെട്ടാ‍ണ്  രൂപകല്‍പ്പന്‍ ചെയ്തിട്ടുള്ളത് .ഈ പ്ശ്ചാത്തലത്തിലില്‍ അതീവഗുരുതരമായ  സാമ്പത്തിക പ്ര്തിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വമൂലധനം  ജൈവസാങ്കേതികവിദ്യയെ ഏറ്റവും ലാഭകരമായ  നിക്ഷേപമേഖലകളീലൊന്നായി പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ- അമേരിക്കന്‍ കാര്‍ഷിക കരാറിലൂടെ ഇന്ത്യയില്‍ ഒരു രണ്ടാം ഹരിത വിപ്ലവം ആവിഷ്കരിക്കാന്‍ മന്‍‌മോഹന്‍ സര്‍ക്കാര്‍ അമേരിക്കന്‍ കാര്‍ഷിക  കുത്തകകള്‍ക്ക്  ചുവപ്പ് പരവതാനി വിരിക്കുന്നത്  ഇതെല്ലാമായി ബന്ധപെട്ട്  വിലയിരുത്തപെടേണ്ടതുണ്ട്. ഈ രണ്ടാം ഹരിത വിപ്ലവത്തിന്റെ ചുക്കാന്‍ പിടിക്കുന്ന് അമേരിക്കന്‍ കുത്തകകളായ  മൊണ്‍‌സാന്റോയും കാര്‍ഗിലും മറ്റും ജനിതക് എന്‍‌ജിനീയറിഗിലൂടെ വികസിപ്പിച്ചെടുത്തിട്ടുള്ള  അന്തകവിത്തുകളും  മറ്റും മുമ്പ് സൂചിപ്പിച്ചതുപോലെ ,   ഉപയോഗപെടുത്തിയിട്ടുള്ളത്  ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ  ജൈവ വൈവിധ്യം തന്നെയാണ് .  അമേരിക്കന്‍ വിത്തുകമ്പനികള്‍ക്കും  ഫാര്‍മസ്യൂട്ടിക്കല്‍  കമ്പനികള്‍ക്കും വിത്തുകളുടെ  മേലുള്ള  ആധിപത്യം  ഉറപ്പ് വരുത്തുന്ന  വിധമാണ്  ലോകവ്യാപാര സംഘടയുടെ  ട്രിപ്സ് വ്യവസ്ഥകള്‍  രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നത് നേരത്തെ പറയുകയുണ്ടായല്ലോ. വാസ്തവത്തില്‍  ട്രിപ്സ്  ഉടമ്പടിക്ക്  അന്തിമരൂപം  നല്‍കിയിട്ടുള്ളത്  ആഗോള ജൈവവൈവിധ്യത്തിന്റെ  മേല്‍ അമേരിക്കന്‍ കുത്തക  സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ  1961 ല്‍  രൂപം കൊടുത്ത ‘ പുതിയ സസ്യവൈവിധ്യങ്ങളെ സംബന്ധിക്കുന്ന  അന്താരാഷ്ട്ര സംഘടന’(International Union for the Protection of New Plant Varieties– UPOV) യുടെ  നിബന്ധനകള്‍ പൂര്‍ണ്ണമായും  ഉള്‍പ്പെടുത്തികൊണ്ടാണ്  അതിന്‍ പ്രകാരം  ജൈവസാങ്കേതിക  വിദ്യയുടെയും  ജനിതക  എഞ്ചിനീയറിങ്ങിന്റെയും  പ്രയോഗത്തിലൂടെ രൂപപെടുത്തുകയോ, പരിഷകരിക്കപെടുകയോ രൂപാന്തരത്തിന്  വിധേയമാക്കപെടുകയോ  ചെയ്യുന്ന ചെടികളും  സൂക്ഷ്മ ജീവികളും  ഉള്‍പ്പെടുന്ന ജീവജാലങ്ങളുടെ കാര്യത്തില്‍  കുത്തകകള്‍ക്ക്  വ്യവസായ പേറ്റന്റിന്  തുല്യമായ അവകാശങ്ങള്‍ ലഭിക്കുമന്നതാണ് ട്രിപ്സിന്റെ പ്രസക്തി. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള  പുത്തന്‍ കൊളോണിയല്‍  അമേരിക്കന്‍  ഭരണകൂടം  ആഗോള കൃഷിയിന്‍‌മേല്‍  നടത്തിയ ആസൂത്രിതമായ ഇടപെടലുകള്‍  നിമിത്തം  ഇതര സാമ്രാജ്യത്വ കുത്തകകളെ അപേക്ഷിച്ച് ഇക്കാര്യങ്ങളില്‍ അമേരിക്കന്‍ കുത്തകകള്‍ക്കാണ്  താരതമ്യ നേട്ടമുണ്ടായിട്ടുള്ളത്.

 ഇന്തോ-അമേരിക്കന്‍  കാര്‍ഷിക കരാറിലൂടെ ഇന്ത്യയുടെ  കാര്‍ഷിക മേഖലയില്‍  അമേരിക്കന്‍ ഫിനാന്‍സ് മൂലധനത്തിന്  ഒരു രണ്ടാം ഹരിതവിപ്ലവം  ആവിഷ്കരിക്കാന്‍  മന്മോഹന്‍  സര്‍ക്കാര്‍  സൌകര്യമൊരുക്കുന്നത്  മേല്‍ സൂചിപ്പിച്ച വസ്തുതകളുടെ  പിന്‍ബലത്തിലാണ് . അമേരിക്കന്‍  സാമ്രാജ്യത്വവുമായി  ഇന്ത്യന്‍ ഭരണകൂടം കാര്‍ഷിക രംഗത്ത്  സ്ഥാപിച്ചിട്ടുള്ള  ഒരു ദീര്‍ഘകാല  പദ്ധതിയുടെ  തുടര്‍ച്ച കൂടിയാണ് . വാസ്തവത്തില്‍ , ജൈവസാങ്കേതിക വിദ്യാരംഗത്തും അമേരിക്കന്‍ താല്‍പ്പര്യങ്ങളെ  പോഷിപ്പിക്കുന്ന  നിരവധി ഉടമ്പടികള്‍ രാജീവഗാന്ധിയുടെ കാലത്ത് തന്നെ ഒപ്പ്വെക്കപെട്ടിട്ടുണ്ട്. ‘ശാസ്ത്ര-സാങ്കേതിക വികസനത്തിനായുള്ള  ഗാന്ധി -റീഗന്‍ ഉടമ്പടി’ (GANDHI – REAGAN Science and Technology Initiative), ‘   ഇന്തോ- അമേരിക്കന്‍  വാക്സിന്‍ കരാര്‍,  ഇന്തോ- അമേരിക്കന്‍  സസ്യ ജനിതക വിഭവ പദ്ധതി ‘(Indo_American Plant Genetic Resource Programme) തുടങ്ങിയവ ഉദാഹരണങ്ങളാണ് . ഇതെല്ലാം  സമാഹരിക്കത്തക്കവിധം  അമേരിക്കന്‍  സര്‍ക്കാരും  ഇന്ത്യാ സര്‍ക്കാരും   11 ദശലക്ഷം ഡോളര്‍   വീതം മുടക്കുന്ന  “സസ്യ ജനിതക വിഭവങ്ങള്‍ക്കായുള്ള ദേശീയബ്യൂറോ”(National Bureau of  Plant Genetic Resources–NBPGR) രാജീവ് ഗാന്ധിയുടെ കാലത്ത് തന്നെ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.  ഇതിന്റെ  തുടര്‍ച്ചയും  വികാസവുമെന്ന നിലക്കാണ് മന്‍‌മോഹന്‍ സര്‍ക്കാര്‍  ഇപ്പോള്‍  അമേരിക്കന്‍ സര്‍ക്കാരുമായി  ഒപ്പുവെച്ചിട്ടുള്ള കാര്‍ഷിക കരാറിനെ നോക്കികാണാന്‍ .

 കരാര്‍ പ്രകാരം  മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യാ ഗവണ്‍‌മെന്റ് മാറ്റിവെച്ചിട്ടുള്ള  350  കോടി രൂപയില്‍ 215 കോടി  രൂപയും  ചെലവഴിക്കേണ്ടത് അമേരിക്കന്‍ കുത്തകകള്‍ക്ക്  ആധിപത്യമുള്ള  ജൈവസാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ്  . ഇക്കാര്യത്തില്‍  അമേരിക്കന്‍  വിദഗ്ദന്മാരും  ഇന്ത്യന്‍ വിദഗ്ദന്മാരും  സഹകരിക്കുമെന്നാണ്  കരാറില്‍ പറയുന്നതെങ്കിലും  ഈ രംഗത്ത്  ഇന്ത്യയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ  അമേരിക്കന്‍  കുത്തകകള്‍ക്ക്  കിഴ്പെടുത്തുന്ന  ഏര്‍പ്പാടാണ്  യഥാര്‍ത്ഥത്തില്‍  അരങ്ങേറുകയെന്നത്  വ്യക്തമാണ് .  അതോടൊപ്പം  ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരുടെ വൈദഗ്ദ്യം  കുറഞ്ഞചിലവില്‍  അമേരിക്കന്‍ കമ്പനികള്‍ക്ക്  ലഭ്യമാവുകയും ചെയ്യും  ആത്യന്തികമായി   ഇത്  അന്തകവിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന  മൊണ്‍‌സാന്റോയെ പോലുള്ള  അമേരിക്കന്‍  അഗ്ര് ബിസിനസ്സ്  കമ്പനികളുടെ  ആശ്രിതരാക്കി  ഇന്ത്യന്‍ കര്‍ഷകരെ  മാറ്റുന്നതിലേക്കാവും  നയിക്കുക.

രാജ്യ സുരക്ഷയെ ബാധിക്കുന്ന ,  ഭക്ഷണത്തിന്റെയും  വ്യാവസായിക അസംസ്കൃതപദാര്‍ത്ഥങ്ങളുടെയും കാര്യത്തോടൊപ്പം  രാജ്യത്തെ   65 % ജനങ്ങള്‍ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഈ കാര്‍ഷിക കരാര്‍  നടപ്പാക്കുന്ന പക്ഷം  അതൊരു മഹാ ദുരന്തത്തിലേക്കാവും  രാജ്യത്തെ കൊണ്ടുപോവുക. അമേരിക്കയെ  സംബന്ധിച്ചിടത്തോളം  അവിടത്തെ 3 % ആളുകള്‍ തൊഴിലിനായി ആശ്രയിക്കുന്ന  കൃഷി  സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത്  ശതകോടികണക്കിന്  ഡോളര്‍  സബ്‌സിഡികളായും  കാര്‍ഷിക സുരക്ഷാപദ്ധതികളിലൂടെയും ചെലവ് ചെയ്തുകൊണ്ടാണ് . ലോകവ്യാപാര സംഘടനയുടേ കാര്‍ഷിക വ്യവസ്ഥകള്‍ ദരിദ്രരാജ്യങ്ങളുടെ മേല്‍  നിര്‍ബന്ധ പൂര്‍വ്വം  അടിച്ചേല്‍പ്പിക്കുന്ന  അമേരിക്ക ആഗോള വിപണിയില്‍നിന്നുള്ള മത്സരത്തില്‍നിന്നും അതിന്റെ കൃഷിയെ  സംരക്ഷിച്ചുനിര്‍ത്താന്‍  ‘ഗ്രീന്‍ ബോക്സ് ’ ,  ‘ ബ്ലൂ ബോക്സ് ’  തുടങ്ങിയ ലേബലുകളില്‍  ഒട്ടേറേ പരിരക്ക്ഷകളാണ്  ഏര്‍പ്പെടുത്തിയിട്ടുള്ളത് . എന്നാല്‍  ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക്  നല്‍കിപോന്നിരുന്ന  നാമമാത്രമായ  സബ്‌സിഡികള്‍ പോലും  ലോകബാങ്കിന്റെയും , ലോകവ്യാപാര സംഘടനയുടെയും  സമ്മര്‍ദ്ധഫലമായി  ഇല്ലാതാക്കിയതിന്റെ തുടര്‍ച്ചയായിട്ടാണ്  രാജ്യദ്രോഹകരമായ  ഇന്തോ-അമേരിക്കന്‍ കാര്‍ഷിക കരാറില്‍  മന്‍‌മോഹന്‍ സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നു കൂടി തിരിച്ചറിയേണ്ടതുണ്ട്.

ഇന്തോ‌- അമേരിക്കന്‍  കാര്‍ഷിക കരാറിലൂടെ  രണ്ടാം ഹരിത വിപ്ലവത്തിനും  സ്വാമിനാഥന്റെ ഭാഷയില്‍ പറഞ്ഞാല്‍  “നിത്യഹരിത വിപ്ലവത്തിനും“   കരുനീക്കങ്ങള്‍  നടക്കുന്ന  ഇന്നത്തെ ചരിത്ര സാഹചര്യം ഒന്നാം ഹരിത വിപ്ലവ കാലഘട്ടത്തില്‍നിന്നു   തുലോം വ്യത്യസ്തമാണെന്ന് ചൂണ്ടികാട്ടേണ്ടിയിരിക്കുന്നു.  1960 കളിലാരംഭിച്ച  ഒന്നാം ഹരിത വിപ്ലവം  നെഹ്രുവിയന്‍  ക്ഷേമരാഷ്ട്ര നയങ്ങള്‍  രൂപം കൊടുത്ത പൊതുമേഖലയുടെ ചട്ടക്കൂടിനകത്താണ്  ആവിഷ്കരിക്കപെട്ടത്.  കേന്ദ്ര ക്രിഷിമന്ത്രാലയം മുതല്‍  പ്രാദേശിക കൃഷിഭവനുകള്‍ വരെ  വ്യാപിച്ചുകിടക്കുന്ന  പൊതുമേഖലാ സംവിധാനത്തില്‍  ഇടപെടാന്‍  ഇതു പലപ്പോഴും  സര്‍ക്കാരിന്  അവസരം നല്‍കിയിരുന്നു. എന്നാല്‍  രണ്ടാം ഹരിത വിപ്ലവത്തിന്  മന്മോഹന്‍ സര്‍ക്കാര്‍  പാതയൊരുക്കുന്നത്  പൊതുമേഖല സംവിധാനങ്ങളടക്കം  എല്ലാ കാര്‍ഷിക പരിരക്ഷകളും  തകര്‍ത്ത്  ആഗോള ഊഹമൂലധന ശക്തികളുടെയും  അഗ്രി-ബിസിനസ്സ് കുത്തകകളുടെയും         നീരാളിപിടുത്തത്തില്‍  ഇന്ത്യയുടെ കൃഷിയെ  അകപെടുത്തിയ പശ്ചാത്തലത്തിലാണ് . ഒന്നും രണ്ടും  ഹരിത വിപ്ലവങ്ങള്‍  അമേരിക്കന്‍ സംരാജ്യത്വത്തിന്റെ കാര്‍മ്മികത്വത്തില്‍ തന്നെ  ആവിഷ്കരിക്കപെടുമ്പോള്‍   ആദ്യത്തേതിന്  ഒരു മാനവിക മുഖം മൂടി ഉണ്ടായിരുന്നുവെന്ന്  ചൂണ്ടികാട്ടാനാണ്  ഇവിടെ ശ്രമിക്കുന്നത് . ആ നിലക്ക് ചരിത്രാവര്‍ത്തനത്തെ  സംബന്ധിച്ച  മാര്‍ക്സിസ്റ്റ് നിലപാട്  വ്യക്തമാക്കുന്നത് പോലെ  , ഈ രണ്ടാം ഹരിത വിപ്ലവം  ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമല്ലാതെ  മറ്റൊന്നുമല്ല. ഇത് തിരിച്ചറിയാന്‍  പുരോഗമനജനാധിപത്യ  ശക്തികളുടെ ഭാഗത്ത്നിന്നുണ്ടാകുന്ന വീഴ്ച്ച ഗുരുതരമായ  പ്രത്യാഘാതങ്ങളാവും രാജ്യത്തുണ്ടാക്കുക.

 പി.ജെ. ജെയിംസ്.

Advertisements

2 responses to ““രണ്ടാം ഹരിത വിപ്ലവവും ” ഇന്തോ-അമേരിക്കന്‍ കാര്‍ഷിക കരാറും.

  1. ഹരിതവിപ്ലവം സാധ്യമാകണമെങ്കില്‍ വീട് വീടാന്തരം പശുക്കളുടെ എണ്ണം കൂടണം, മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിക്കണം, കൃഷികള്‍ അഭിവൃത്തിപ്പെടണം, ഭക്ഷ്യസുരക്ഷ ഉറപ്പാവണം. ഇവയെല്ലാം സാധ്യമാവണമെങ്കില്‍ ഇവയില്‍ നിന്ന് നിശ്ചിത ശതമാനം ലാഭം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് ആനുപാതികമായി വര്‍ദ്ധനവ് രേഖപ്പെടുത്തണം. ഇപ്പോള്‍ നടപ്പിലാവുന്നവ താല്കാലികമാണ്. നടപടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വേണം നടപ്പിലാക്കുവാന്‍.

  2. ബാങ്ക് ദേശസാല്‍ക്കരണം വേണ്ട എന്ന് ഇടത് പക്ഷം അന്ന് പറയണമായിരുന്നു എന്ന് ഉദ്ദേശിക്കുന്നുണ്ടോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )